1

തൃശൂർ: ബി.ജെ.പി അംഗത്വ കാമ്പയിനുകളിൽ സജീവമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചാലക്കുടി, ഇരിങ്ങാലക്കുട, ആളൂർ, പുതുക്കാട്, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലാണ് ഇന്നലെ സുരേഷ് ഗോപി അംഗത്വ പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. തൃശൂരിൽ ഗിരിജ തിയ്യറ്റർ ഉടമ ഡോ. ഗിരിജ ബി.ജെ.പി അംഗത്വം എടുത്തു. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വ്യാപാരഭവനിലും ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ചിറ്റിശ്ശേരി എം.കെ.എം ഹാളിലും വിജയമാതാ ഓഡിറ്റോറിയത്തിലും തൃശൂർ നളിനം ഓഡിറ്റോറിയത്തിലും നടന്ന പരിപാടികൾ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പുതുതായി പാർട്ടിയിൽ എത്തിയവർക്ക് അംഗത്വം വിതരണം ചെയ്തു. നിർദ്ധനരായവർക്ക് ഓണക്കോടി വിതരണവും സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.