പെരിങ്ങോട്ടുകര : വളർന്നുവരുന്ന പുതുതലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ പോരാടാൻ ഒരു ഗ്രാമം ഒന്നിക്കുന്നു. അധികാരികൾ മാത്രം വിചാരിച്ചാൽ ഈ മഹാവിപത്തിനെ തുടച്ചുനീക്കാനാകില്ലെന്ന തിരിച്ചറിവിലാണ് നാടൊന്നാകെ ഇറങ്ങുന്നത്. തോടും പുഴയും പാടവുമൊക്കെയായി പ്രകൃതി സൗന്ദര്യം ഏറെയുള്ള കിഴുപ്പിള്ളിക്കര ഗ്രാമത്തിലെ ഒഴിഞ്ഞ ഇടങ്ങൾ ലഹരിസംഘങ്ങൾ താവളമാക്കിയിട്ട് നാളേറെയായി. പ്രതിരോധ പ്രവർത്തനം നടക്കാത്തതിനാൽ കഞ്ചാവ് മാഫിയാ സംഘം വളർന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ഇവരുടെ കണ്ണികളായി.
പ്രദേശത്തെ വീടുകളിലെ സമാധാന അന്തരീക്ഷം തകർന്നു. ഇതോടെയാണ് ഗുരുതരാവസ്ഥ നാടിന് ബോദ്ധ്യപ്പെട്ടത്. നാടിനെ തിരിച്ചുപിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ലഹരിസംഘങ്ങളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയത്. ആദ്യപടിയായി കിഴുപ്പിള്ളിക്കര വില്ലേജിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി ആന്ദ്രോപ്പോവ് സോക്കേഴ്‌സിന്റെ നേതൃത്വത്തിൽ പൊലീസിനെയും എക്‌സൈസിനെയും ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ചുചേർത്തു. ലഹരി വിരുദ്ധക്ലാസ് നടത്തി. കിഴുപ്പിള്ളിക്കര നളന്ദ എച്ച്.എസ് സ്‌കൂളിൽ നടന്ന സർവകക്ഷി യോഗത്തിൽ വൻജനപങ്കാളിത്തമുണ്ടായി. ഈ പൊതുയോഗത്തിൽ ലഹരിവിരുദ്ധ പ്രവർത്തനം കാര്യക്ഷമമാക്കാൻ കിഴുപ്പിള്ളിക്കര ജനകീയ സമിതി രൂപീകരിച്ചു. ഷീബ രാമചന്ദ്രൻ ചെയർപേഴ്‌സണും ടി.വി.ദീപു കൺവീനറുമാണ്.
കിഴുപ്പിള്ളിക്കര ജനകീയ സമിതിയുടെ ആദ്യഘട്ട ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സെപ്തംബർ ഏഴിന് ജനകീയ പ്രതിരോധ റാലി നടക്കും. ഹെൽത്ത് സെന്റർ മുതൽ കിഴുപ്പിള്ളിക്കര സെന്റർ വരെ നടക്കുന്ന പ്രതിരോധ റാലിയിൽ കിഴുപ്പിള്ളിക്കരയിലെ മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കും. വൈകീട്ട് നാലിന് താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് റാലി ഫ്‌ളാഗ് ഒഫ് ചെയ്യും. വൈകീട്ട് അഞ്ചിന് കിഴുപ്പിള്ളിക്കര സെന്ററിൽ നടക്കുന്ന പൊതുയോഗം തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സി.സുനു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി.സുരേഷ്, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ.രാജു, ചേർപ്പ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.അശ്വിൻകുമാർ എന്നിവർ പങ്കെടുക്കും. ടി.വി.ദീപു, ഷൈനി ബാലകൃഷ്ണൻ, പി.ബി.ബഷീർ, സി.എൽ.ജോയ്, മിനി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.