
തൃപ്രയാർ : സ്‌നേഹത്തണൽ ട്രസ്റ്റ് ജീവകാരുണ്യ ദിനത്തോടനുബന്ധിച്ച് നൽകി വരുന്ന വിശുദ്ധ മദർ തെരേസ പുരസ്‌കാരം നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും എൻ.എസ്.എസ് കോർഡിനേറ്ററുമായ ശലഭ ജ്യോതിഷിന് സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും, ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആവണങ്ങാട്ട് കളരി അഡ്വ.എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ഡോ:സിദ്ധാർത്ഥ ശങ്കർ പൊക്കാഞ്ചേരി പുരസ്‌കാരം സമ്മാനിച്ചു. എഴുത്തുകാരൻ ബാപ്പു വലപ്പാട് വിശിഷ്ടാതിഥിയായി. കാലുകൾ തളർന്നുപോയ അവിണിശ്ശേരി സ്വദേശി രാജന് വീൽചെയർ കൈമാറി. നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് വി.സി.അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.സലിം, കെ.സി.അശോകൻ, പി.സി.അഹ്ഫത്ത്, രാജൻ പട്ടാട്ട്, ടി.വി.ശ്രീജിത്ത്, ബാബു കുന്നുങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
സ്‌നേഹത്തണൽ ട്രസ്റ്റ് വാർഷികവും പുരസ്‌കാര വിതരണവും അഡ്വ.എ.യു.രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.