തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഒരു കൊല്ലം മുമ്പ് തുടങ്ങിയ സമഗ്ര മുലയൂട്ടൽ പരിപാലന കേന്ദ്രത്തിലെ അമ്മിഞ്ഞപ്പാൽ ഇനി മറ്റ് ജില്ലകളിലെ കുഞ്ഞുങ്ങൾക്കും. മെഡിക്കൽ കോളേജിൽ പ്രസവിക്കുന്ന അമ്മമാരിൽ നിന്ന് അവരുടെ കുഞ്ഞിനുള്ളത് കഴിച്ച് ബ്രെസ്റ്റ് പമ്പുപയോഗിച്ച് ശേഖരിക്കും. വിവിധ കാരണങ്ങളാൽ മുലപ്പാൽ ലഭിക്കാത്ത നവജാതശിശുക്കൾക്ക് സൗജന്യമായി നൽകും.കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിൽ പിറന്ന തൂക്കക്കുറവുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് 150 മില്ലിയുടെ 10 കുപ്പി മുലപ്പാൽ നൽകി. എറണാകുളത്ത് നിന്നും മറ്റും ഇപ്പോൾ ആവശ്യക്കാരുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ശേഖരണകേന്ദ്രമുണ്ടെങ്കിലും അവിടത്തെ ശിശുക്കൾക്കേ നൽകാനുള്ളൂ. മറ്റ് ആശുപത്രികളിലെ കുഞ്ഞുങ്ങൾക്ക് അവിടെ നിന്ന് കൊടുത്തുവിടുന്ന തെർമോക്കോൾ ബോക്‌സും ഐസ് പാക്കുമുപയോഗിച്ച് പെട്ടിയിലാക്കി യാത്രയിലുടനീളം താപനില ക്രമീകരിക്കാൻ പാകത്തിലാണ് നൽകുക. ഫ്രീസറിൽ സൂക്ഷിച്ച് ഉപയോഗിക്കാം. പാസ്ചറൈസ് ചെയ്ത്, മൈക്രോബയോളജി പരിശോധന പൂർത്തിയാക്കും. രക്തപരിശോധനാ ഫലം നോക്കിയാണ് ദാതാക്കളെ കണ്ടെത്തുന്നത്. തുടർചികിത്സയ്ക്കും വാക്‌സിനേഷനെത്തുമ്പോഴും ശേഖരിക്കും. പുറത്തുള്ള അമ്മമാർക്കും ദാതാക്കളാകാം.
1440 അമ്മമാർ ദാതാക്കൾ
150 മില്ലിയുടെ പുനരുപയോഗിക്കാവുന്ന കുപ്പി ആവശ്യക്കാർ കൊണ്ടുവരണം. മെഡിക്കൽ കോളേജിൽ നിന്നും മറ്റും 120 രൂപയ്ക്ക് ലഭിക്കും. ഇതുവരെ 1440 അമ്മമാർ ദാതാക്കളായി. 1670 ശിശുക്കൾക്ക് നൽകി. മാസം തികയാതെ ജനിച്ച, ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾക്കും അട്ടപ്പാടിയിൽ നിന്നുള്ള ഗോത്രവർഗ ശിശുക്കൾക്കും പ്രയോജനപ്പെട്ടു. ദേശീയ ആരോഗ്യമിഷന് കീഴിലാണ് ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്ത് മൂന്നാമത്തേതുമായ പദ്ധതി.
നവജാത ശിശുവിന് വേണ്ടത്
പ്രതിദിനം 250 മില്ലി. (മൂന്ന് കിലോ തൂക്കം. ഒരാഴ്ച വരെ)
തുടർന്ന് 500 മില്ലി
പദ്ധതിയുടെ വിജയത്തിന് പിന്നിൽ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെയുള്ളവരുടെ കഠിനാദ്ധ്വാനമുണ്ട്.
ഡോ.ഫെബി ഫ്രാൻസിസ്
നോഡൽ ഓഫീസർ.