കൊടുങ്ങല്ലൂർ : കോട്ടപ്പുറം പാലത്തിനടിയിലും പരിസരത്തുമായി ലഹരി മാഫിയയെന്ന് പരാതി. മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതിനായി വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. വിവിധ പ്രദേശങ്ങളിൽ നിന്നും മയക്കുമരുന്നിന് അടിമകളായ യുവാക്കളുമെത്തുന്നു.
നേരത്തെ തീരദേശങ്ങളിലെ വിനോദ സഞ്ചാര മേഖലകളിലായിരുന്നു മാഫിയകളുടെ പ്രവർത്തനം. എന്നാൽ പൊലീസിന്റെയും എക്‌സൈസിന്റെയും തുടർച്ചയായ പരിശോധനയെ തുടർന്ന് ലഹരി മാഫിയ താവളം മാറ്റി. ജനശ്രദ്ധ എളുപ്പത്തിൽ ചെന്നുപെടാത്ത മേഖലകളിലാണ് മയക്കുമരുന്ന് സംഘം തമ്പടിക്കുന്നത്. എളുപ്പത്തിൽ എത്തിച്ചേരാവുന്നതും ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപെടാത്തതുമെന്ന നിലയിലാണ് പാലത്തിനടി ഭാഗം തെരഞ്ഞെടുക്കുന്നത്. ലഹരി മാഫിയ സംഘത്തിൽ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളുള്ളതായും പറയുന്നു. പകൽ സമയങ്ങളിലും അവധി ദിവസങ്ങളിലെ രാത്രികാലങ്ങളിലുമാണ് വിൽപ്പന. കഴിഞ്ഞ ദിവസം ലഹരിക്കടിമയായ യുവാവ് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.