krishi-
പാടത്ത് കൃഷിക്കായി ഉള്ള ഒരുക്കങ്ങൾ നടക്കുന്നു

കുന്നംകുളം: കടവല്ലൂരിലെ പാടശേഖരങ്ങൾ മുണ്ടകൻ കൃഷിക്ക് തയ്യാറെടുക്കുമ്പോൾ കാലാവസ്ഥ വ്യതിയാനവും വർദ്ധിച്ച് വരുന്ന കൃഷിച്ചെലവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ അവസാനിക്കേണ്ട മഴ ഇപ്പോഴും തുടരുന്നത് ഒരുക്കങ്ങളുടെ വേഗം കുറയ്ച്ചിട്ടുണ്ട്. ഞാറ്റടിയിൽ വിത്ത് വിതച്ചതിനു ശേഷം ശക്തമായ മഴയുണ്ടായാൽ വിത്ത് താഴ്ന്നു പോകുമെന്ന് ആശങ്കയും കർഷകർക്കുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ അടുത്തിടെ കർഷകർ നിർമിച്ച വരമ്പുകൾ ഒലിച്ചു പോയി. ഞാറ്റടിയിൽ വെള്ളം കെട്ടി നിൽക്കുന്നതും കൃഷി പ്രതിസന്ധിയാണ്. ഇതോടെ പല കർഷകരും വിത്ത് വിതച്ചിട്ടില്ല. ഒരുക്കങ്ങൾ നീളുന്തോറും വിളവെടുപ്പ് വൈകുമെന്ന് കർഷകർ പറയുന്നു. വേനൽ ശക്തമാകുന്നത് വരെ കൃഷി നീണ്ടാൽ വരൾച്ച മൂലമുള്ള കൃഷി നാശത്തിനും സാദ്ധ്യതയുണ്ട്. പ്രതിസന്ധികളെ മറികടന്ന് നൂറുമേനി വിളവിനാണ് കർഷകർ തയ്യാറെടുക്കുന്നത്.
കടവല്ലൂരിലെ പാടശേഖരത്തിൽ 350 ഹെക്ടർ പാടത്ത് കൃഷി വകുപ്പു സൗജന്യമായി വിതരണം ചെയ്ത ഉമ നെൽ വിത്താണ് ഇത്തവണ ഇറക്കുന്നത്. നിലം ഉഴുതുമറിക്കുന്ന ജോലികൾ ആരംഭിച്ചു. ഞാറുകൾ തയാറാക്കുന്നതിനുള്ള ഞാറ്റടികളും ഒരുക്കിയിട്ടുണ്ട്.
3 തവണയെങ്കിലും നിലം ഉഴുതു മറിച്ച ശേഷമാണ് നടീൽ. കടവല്ലൂർ സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുമ്മായം വിതറി മണ്ണിന്റെ അമ്ലാംശം കുറയ്ക്കും. കൃഷി വകുപ്പു നൽകുന്ന 75 ശതമാനം സബ്‌സിഡി നിരക്കിലാണു കുമ്മായം കർഷകർക്ക് ലഭിക്കുന്നത്.

ചെലവിൽ വർദ്ധന

കൃഷിച്ചെലവുകൾ ദിനംപ്രതി കൂടിവരികയാണെന്ന് കർഷകർ. കാലാവസ്ഥ കെടുതികൾ മൂലം ചെയ്ത പണി വീണ്ടും ചെയ്യേണ്ട അവസ്ഥയുണ്ട്. ഒരേക്കർ ഉഴുതു മറിക്കാൻ മാത്രം 5000 രൂപയോളമാണ് ചെലവ്. നടീലിന് 6000 രൂപ വരെ ചെലവുണ്ട്. വിദഗ്ധ തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഏറെയാണ്. വളം, കീടനാശിനി, കൂലി തുടങ്ങിയ ചെലവുകളിൽ വർദ്ധനയുണ്ടായി. ഒരേക്കറിനു 40,000 രൂപ വരെയാണു മുണ്ടകന് ചെലവ്.


വരമ്പു നിർമിക്കാനുള്ള യന്ത്രം എത്തിക്കാൻ കരിക്കാട് പാടശേഖര സമിതി ശ്രമിക്കുന്നുണ്ട്. പാടശേഖരത്തിൽ യന്ത്രം എത്തിച്ച് പ്രവർത്തിപ്പിച്ചു കാണിക്കാൻ അധികൃതർ തയാറായിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ പണികളുടെ വേഗം കൂടും. നടീൽ യന്ത്രം എത്തിക്കാനും ചില പാടശേഖരങ്ങൾ ശ്രമിക്കുന്നുണ്ട്.

- പാടശേഖരസമിതി ഭാരവാഹികൾ