തൃശൂർ: നെല്ലുവായ് കെ.എൻ.പി. നമ്പീശന്റെ 'നാട്യവാദ്യ സാർവഭൗമം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഒമ്പതിന് വൈകിട്ട് അഞ്ചിന് സംഗീത അക്കാഡമി നാട്യഗൃഹത്തിൽ നടക്കും. നെല്ലുവായ് രഞ്ജിനി രസികസഭാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചടങ്ങ് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ പ്രകാശനം ചെയ്യും. വി.ജി.കെ. മേനോൻ ഏറ്റുവാങ്ങും. ട്രസ്റ്റിന്റെ നൃത്യരഞ്ജിനി പുരസ്‌കാരം മോഹിനിയാട്ടം നർത്തകിമാരായ ബേബി പരിണിതിക്കും സുജാത നായർക്കും യഥാക്രമം കലാമണ്ഡലം ക്ഷേമാവതിയും പല്ലവി കൃഷ്ണനും സമ്മാനിക്കും. 6.30ന് നൃത്താവിഷ്‌കാരവും അരങ്ങേറുമെന്ന് പ്രൊഫ. പുന്നയ്ക്കൽ നാരായണൻ, കലാമണ്ഡലം നാരായണൻ, ആർ. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.