ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി സി. മനോജ്, മനോജ് ബി. നായർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വൈകിട്ട് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. സർക്കാർ വിജ്ഞാപനം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ വായിച്ചു. അദ്ധ്യക്ഷനായ ഗുരുവായൂർ ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, എൻ.കെ. അക്ബർ എം.എൽ.എ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.