തൃശൂർ: പീച്ചി ഡാം മാനേജ്‌മെന്റിൽ ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഒല്ലൂർ എ.സി.പി അന്വേഷണം തുടങ്ങി. പരാതിക്കാരന്റെ മൊഴിയും രേഖപ്പെടുത്തി.
ജൂലായ് 29ന് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴമൂലം ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നു. അതിനാൽ ജലനിരപ്പ് കുറച്ച് റൂൾ കർവ് പ്രകാരമുള്ള ലെവലിലേക്ക് ക്രമീകരിക്കണമെന്നും ഡാമിന്റെ നാല് ഷട്ടറുകൾ 6 ഇഞ്ച് വീതം തുറക്കണമെന്നും അപേക്ഷിച്ച് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം ഷട്ടറുകൾ തുറക്കാൻ അനുമതി നൽകി. ഒടുവിൽ ഡാമിന്റെ ഷട്ടറുകൾ 25 ഇഞ്ചിൽ നിന്ന് 72 ഇഞ്ചിലേക്ക് തുറക്കുകയായിരുന്നു. ഇത് കളക്ടറുടെ വാക്കാലോ രേഖാമൂലമുള്ള അനുമതിയോ ഇല്ലാതെയാണെന്നാണ് പരാതി.
30ന് രാവിലെ 11.45ന് 72 ഇഞ്ച് തുറന്ന് വെള്ളം വിട്ടതിനാൽ പീച്ചി, കണ്ണാറ നടത്തറ, പുത്തൂർ, കൈനൂർ ചെമ്പുക്കാവ്, മ്യൂസിയം ക്രോസ് ലൈൻ, അയ്യന്തോൾ, ചേർപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി വീടുകളിലും, കൃഷി ഇടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും വൻ നാശമുണ്ടായി. നിരവധി വീടുകളും വീട്ടുപകരണങ്ങളും ആയിരക്കണക്കിന് വാഴകളും, ജാതികളും നശിച്ചു. ഇറിഗേഷൻ ഉദ്യോഗസ്ഥൻമാരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം 10 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. പുത്തൂരിൽ ഒരു യുവാവ് മരിക്കുകയും ചെയ്തു.
കളക്ടർ പീച്ചി ഡാം മാനേജ്‌മെന്റിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടിലും ജസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും വീഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഉത്തരവാദികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.