ചാലക്കുടി: തെരുവ് നായ ശല്യം വർദ്ധിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് യോഗം വിളിച്ച സംഭവത്തിൽ പ്രതിപക്ഷ പാർട്ടി ലീഡർ സി.എസ്. സുരേഷിന് വിശദീകരണ നോട്ടീസ് നൽകുമെന്ന് ചെയർമാൻ. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് നഗരസഭാ കാര്യാലയത്തിൽ ചെയർമാൻ അറിയാതെ യോഗം വിളിച്ചു ചേർക്കാൻ ആർക്കും അധികാരമില്ലെന്ന് ചെയർമാൻ എബി ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന പദവി ഒരു ആലങ്കാരികം മാത്രമാണ്. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പൊതുയോഗം വിളിച്ചു ചേർത്ത എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷിന് വിശദീകരണ നോട്ടീസ് നൽകാൻ സെക്രട്ടറിയെ ചുമലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തെരുവുനായ ശല്യത്തിനെതിരെ നഗരസഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തെരുവ് നായകളെ കുത്തിവയ്പ്പ് നടത്തി. എഴുനൂറോളം വളർത്തു നായകൾക്ക് ചിപ്പ് ഘടിപ്പിച്ച് ലൈസൻസും നൽകി. അടുത്ത ഘട്ടം വാക്‌സിനേഷന്റെ സമയമായിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. തെരുവ് നായകളെ ഇല്ലാതാക്കാൻ ആർക്കും അവകാശവുമില്ല. ഇവയെ ഷെൽട്ടറിലേക്ക് മാറ്റുന്നതിന് ശ്രമങ്ങൾ നടത്തിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം മാള ബ്ലോക്ക് പഞ്ചായത്തിലായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയിത്. എന്നാൽ പരിസരവാസികളുടെ എതിർപ്പുമൂലം സംരംഭം പ്രാവർത്തികമായില്ലെന്നും ഇതാണ് വാസ്തവമെന്നിരിക്കെ പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ചെയർമാൻ എബി ജോർജ് പറഞ്ഞു.