തൃശൂർ: കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിൽ കോർപറേഷൻ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഹൈറോഡിൽ കെട്ടിടം തകർന്ന സന്ദർഭത്തിൽ മേയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വനിതാ കൗൺസിലർമാരും ആവശ്യപ്പെട്ടു. ഹൈറോഡിൽ അടക്കം അടുത്തിടെ ശോചനീയാവസ്ഥയിലുള്ള ഏതാനും കെട്ടിടങ്ങളുടെ ഭാഗങ്ങൾ തകർന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്.
ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിച്ച് പുനർനിർമാണം വേഗത്തിലാക്കി നഗരം അപകട രഹിതമാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഹൈറോഡിൽ തകർന്ന കെട്ടിടം അനധികൃതമായി പുനർനിർമിക്കാൻ മേയറും സി.പി.എമ്മും കൂട്ടുനിന്നുവെന്ന് ആരോപിച്ച് പ്ലക്കാഡുകളുമായി കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ബിനി ടൂറിസ്റ്റ് ഹോം നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത് കൗൺസിലിന്റെ അനുമതി ഇല്ലാതെയാണെന്നും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. കുരിയച്ചിറയിലെ മാലിന്യ പ്രശ്‌നവും ഒ.ഡബ്ലിയു.സി പ്ലാന്റ് നിർമാണവും സംബന്ധിച്ച് ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. കൃത്യമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ കമ്മിറ്റി ചെയർപഴ്‌സൺ സ്ഥാനം ഒഴിയുമെന്ന് കോൺഗ്രസ് അംഗം സിന്ധു ആന്റോ ചാക്കോള പറഞ്ഞു.
കോർപറേഷൻ ഡിവിഷനുകളിലെ ദിവസവേതന ശുചീകരണ തൊഴിലാളികളുടെ 68 ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ലിസ്റ്റ് വരുന്നത് വരെ താത്കാലിക നിയമനം നടത്തുന്നത് ഉൾപ്പെടെ 35 അജണ്ടകളിൽ രണ്ടെണ്ണത്തിലൊഴികെ തീരുമാനമെടുത്തു.
സ്ത്രീകളുടെ മേക്കപ്പിടൽ പോലെ മുഖം മിനുക്കിയാണ് പഴയ കെട്ടിടങ്ങളെന്ന മേയറുടെ മുൻ പരാമർശം അപലപനീയമാണ്. പിൻവലിച്ച് മാപ്പുപറയണം.
- വി. ആതിര (ബി.ജെ.പി), ലാലി ജയിംസ് (കോൺഗ്രസ്)
144 കെട്ടിടങ്ങൾ ശോചനീയാവസ്ഥയിലാണെന്ന് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടും കോർപറേഷൻ നടപടി വൈകിപ്പിക്കുകയാണ്. കൂടാതെ 30 കെട്ടിടങ്ങൾ കൂടി ശോചനീയാവസ്ഥയിലാണ്.
- രാജൻ ജെ. പല്ലൻ (പ്രതിപക്ഷ നേതാവ്)
എൻജിനിയറിംഗ് വിദഗ്ദ്ധരെ ഉൾപ്പെടുത്തി ബലപരിശോധന നടത്തി ഉചിതമായ നടപടി ഉടൻ സ്വീകരിക്കും. കേസിലുള്ള കെട്ടിടം പൊളിക്കാനാകില്ല. സ്റ്റേ മാറിയാൽ അടച്ചുപൂട്ടിക്കും. സംഘടനയോ പാർട്ടിയോ നോക്കാതെ നടപടിയെടുക്കും.
- എം.കെ. വർഗീസ് (മേയർ)