 
തൃശൂർ: സർക്കാർ തലത്തിൽ ആഘോഷങ്ങളില്ലെങ്കിലും ഓണനാളുകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരക്കേറും. ഈ സഞ്ചാരികളെ കാത്തിരിക്കുന്നത് പരിമിതമായ സൗകര്യങ്ങൾ മാത്രം. ഭൂരിഭാഗം സ്ഥലങ്ങളിലും കുട്ടികളുടെ പാർക്ക് മാത്രമാണുള്ളത്. അതും പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യം.
ജില്ലാ ടൂറിസം പ്രമോഷൻ കേന്ദ്രത്തിന്റെ കീഴിലുള്ള പീച്ചി, വാഴാനി, വിലങ്ങൻകുന്ന്, തളിക്കുളം സ്‌നേഹ തീരം, തുമ്പൂർ മുഴി, കലശമല എന്നിവിടങ്ങളുടെ അവസ്ഥയാണ് അതിദയനീയം. കാഴ്ച ആസ്വദിക്കാനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല. പീച്ചി, വാഴാനി എന്നിവിടങ്ങളിൽ ഡാം നിറഞ്ഞ് കിടക്കുന്നതും ഷട്ടറുകൾ തുറന്നതും സഞ്ചാരികൾക്ക് ആകർഷകമാകും. തൃശൂർ നഗരത്തിൽ നൂറുക്കണക്കിന് പേർ എത്തുന്ന നെഹ്‌റു പാർക്കിന്റെ സ്ഥിതിയും പരിതാപകരമാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഫൗണ്ടനും കുട്ടികൾക്ക് സൈക്കിൾ സവാരിക്കുള്ള സൈക്കിളുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്. ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനവും നിലച്ചു.
വാഴാനി ഡാം
കുട്ടികളുടെ പാർക്ക് സജ്ജമാണെങ്കിലും പരിമിത സൗകര്യങ്ങൾ മാത്രമാണുള്ളത്. ഫൗണ്ടൻ പണിമുടക്കിയിട്ട് കാലങ്ങളായി. പുറത്ത് ഫുഡ് കോർട്ടുണ്ട്. നീന്തൽക്കുളം അടച്ചിട്ട് വർഷങ്ങളായി. കൊവിഡ് കാലത്ത് അടച്ച തൂക്കുപാലം നവീകരിച്ച് തുറന്നിട്ടുണ്ട്. പ്രവേശന ഫീസ് കുട്ടികൾക്ക് പത്തു രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ്.
പീച്ചി
വർഷകാലത്ത് ഡാം തുറന്നതോടെ കുട്ടികളുടെ പാർക്കിന്റെ പലഭാഗങ്ങളും നശിച്ചു. ഓണക്കാലത്ത് പോലും നവീകരിക്കാൻ അധികൃതർ ശ്രദ്ധ നൽകിയില്ല. കുറച്ച് ഉപകരണങ്ങളാണ് മാത്രമേ ഇവിടെയുള്ളൂ. ഫുഡ് കോർട്ട് പ്രവർത്തിക്കുന്നുണ്ട്. പ്രവേശന ഫീസ് കുട്ടികൾക്ക് പത്ത് രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ്.
വിലങ്ങൻ കുന്ന്
പ്രകൃതിരമണീയമായ വിലങ്ങൻകുന്നിലാണ് അൽപ്പെമെങ്കിലും സൗകര്യമുള്ളത്. ഡി.ടി.പി.സിയുടെ കീഴിൽ പാർക്ക്, ഫുഡ് കോർട്ട്, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ഓണനാളുകളിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ പേർ എത്താനിടയുള്ളതും ഇവിടെ തന്നെ.
സ്‌നേഹതീരം
സായാഹ്നങ്ങളിൽ കൂടുതൽ പേരെത്തുന്ന തളിക്കുളം സ്‌നേഹ തീരം ബീച്ചിനോട് ചേർന്നുള്ള പാർക്കിൽ കുട്ടികളുടെ കളിയുപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ വരിനിൽക്കേണ്ട അവസ്ഥയുണ്ട്.
തുമ്പൂർ മുഴി
തുമ്പൂർ മുഴിയിലെ ശലഭോദ്യാനവും മറ്റും കാണാൻ നൂറുക്കണക്കിന് പേരെത്തുന്നുണ്ട്. ഡി.ടി.പി.സിയുടെ കീഴിലാണ് തുമ്പൂർ മുഴിയെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടം വനം വകുപ്പിന് കീഴിലാണ്. ശക്തമായ മഴയുണ്ടായാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്കാകും. കുന്നംകുളം കലശമലയിലെ മുനിയറകൾ കാണുന്നതിനും തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ, പൂമല ഡാം എന്നിവിടങ്ങളിലും ഇക്കുറി സഞ്ചാരികളെത്തും.
ചിമ്മിനിയിൽ ട്രക്കിംഗ്, കൊട്ടവഞ്ചിയാത്ര
ചിമ്മിനി ഡാം സൈറ്റിലേക്ക് സഞ്ചാരികൾക്ക് 13 മുതൽ പ്രവേശനം നൽകും. നിലവിലുള്ള ട്രക്കിംഗ്, സൈക്കിളിംഗ്, കൊട്ടവഞ്ചി യാത്ര എന്നിവയും ഉണ്ടാകും.
ജലോത്സവങ്ങളില്ല
ഓണനാളുകളിൽ ആയിരങ്ങളെ ആകർഷിക്കുന്ന ജലോത്സവങ്ങളും ഇക്കുറിയില്ല. തിരുവോണ നാളിൽ തൃപ്രയാറിലും രണ്ടോണ നാളിൽ കണ്ടശ്ശാംകടവിലും നടക്കുന്ന ജലോത്സവങ്ങൾ കാണുന്നതിനും ആയിരങ്ങളാണ് എത്താറുള്ളത്.