കേരളകൗമുദി ഇംപാക്ട്
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 മുതൽ 20 വരെ ഗതാഗത നിയന്ത്രണം. ഓണം അടുത്തതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചേർന്ന അടിയന്തിര ട്രാഫിക് അഡൈ്വസറി യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ സ്റ്റിക്കറില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിലെ സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്നതും വിലക്കി. വ്യാപാരികൾ നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതും പരുത്തിപറ പള്ളി മുതൽ വടക്കാഞ്ചേരി വരെ വഴിയോരകച്ചവടവും നിരോധിച്ചു. തൃശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിലും കുന്നംകുളം റോഡിലും അനധികൃത പാർക്കിംഗ് ഒഴിവാക്കാനും റോഡിലെ കുഴികൾ ഇല്ലാതാക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിർദ്ദേശവും നൽകും. അഡൈ്വസറി യോഗത്തിൽ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.
ക്രമീകരണം ഇങ്ങനെ
* ഷൊർണൂർ- ചേലക്കര ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറാതെ സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ കയറ്റി ഇറക്കണം.
* തൃശൂരിൽ- ചേലക്കര- ഷൊർണൂർ ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറണം
* കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകൾ ഓട്ടുപാറ സെന്ററിൽ കൂടി ബസ് സ്റ്റാൻഡിൽ കയറാതെ ആളുകളെ ഇറക്കണം
* കുന്നംകുളം ബസുകൾ ഓട്ടുപാറ ബൈപ്പാസ് വഴി പോകണം.
* ഷൊർണ്ണൂർ - തൃശൂർ ബസുകൾ കുറാഞ്ചേരി ബസ് സ്റ്റോപ്പിൽ മാത്രം നിറുത്തണം.
* അത്താണി സെന്ററിൽ ബസുകൾ നിറുത്താതെ നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിനിറുത്തണം.
* ഷൊർണ്ണൂർ-ചേലക്കര ഭാഗത്തു നിന്നും വരുന്ന ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിറുത്തണം.
* വേലൂർ ബസുകൾ സ്റ്റോപ്പുകളിൽ മാത്രം നിറുത്തണം.
* തൃശൂരിൽ നിന്നും വരുന്ന ബസുകൾ പൊലീസ് സ്റ്റേഷൻ സ്റ്റോപ്പ് ഒഴിവാക്കി പൂരക്കമ്മറ്റി ഓഫീസ് പരിസരത്ത് നിറുത്തണം.