
തൃശൂർ: നിശ്ചിത ദൂരപരിധിയിൽ ട്രെയിനുകളുടെ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തിച്ച് ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടി.സി.എ.എസ്.കവച്) രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തിച്ചേക്കും. കേരളത്തിലെ റെയിൽപാതയിൽ ആദ്യമായി എറണാകുളം ജംഗ്ഷൻ - ഷൊർണൂർ ജംഗ്ഷൻ സെക്‌ഷനിൽ സ്ഥാപിക്കുന്ന കവച് നടപ്പാക്കാനായി കരാർ ക്ഷണിച്ചു. അടുത്തവർഷം ജനുവരിയാകുമ്പോഴേയ്ക്കും നിർമ്മാണം തുടങ്ങും.
ഇതോടൊപ്പം ഓട്ടോമാറ്റിക് സിഗ്‌നലിംഗും സ്ഥാപിതമാവും. അതോടെ ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാകും. കേരളത്തിലെ ഏറ്റവും തിരക്കേറിയ, ട്രെയിനുകളുടെ എണ്ണത്തിൽ ബി വിഭാഗത്തിൽ വരുന്ന പാതയാണ് എറണാകുളം - ഷൊർണൂർ. ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്‌നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയർ ദർഘാസ് ക്ഷണിച്ചിരുന്നു. ഒക്ടോബർ 24 ആണ് അവസാന തിയതി. അടിക്കടി ഉണ്ടാകുന്ന ട്രെയിൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് റെയിൽവേ കവച് പദ്ധതി വ്യാപിപ്പിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലും കവച് ഒരുക്കാൻ ടെൻഡർ നൽകി.
വന്ദേഭാരതിലുണ്ട്, പക്ഷേ...
നിലവിൽ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ 'കവച്' ഒരുക്കിയിട്ടുണ്ട്. പുതിയ ട്രെയിനുകളും കവച് ഘടിപ്പിച്ചാണ് പുറത്തിറക്കുന്നത്. പക്ഷേ, കേരളത്തിലെ പാളങ്ങളിലും സിഗ്‌നൽ സംവിധാനത്തിലും ജി.പി.എസ് അടക്കം ഒരുക്കാത്തതിനാൽ കവച് പ്രവർത്തിക്കില്ല. ടവർ ഉൾപ്പെടെ ജി.പി.എസ് സംവിധാനം വന്നാൽ ഷൊർണൂർ - എറണാകുളം പാതയിൽ ഈ സുരക്ഷാ സംവിധാനം സജ്ജമാകും. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷനാണ് (ആർ.ഡി.എസ്.ഒ.) കവചിന് രൂപം നൽകിയത്.
സുരക്ഷ ഇരട്ടിക്കും
രണ്ട് ട്രെയിനുകൾ ഒരേ പാതയിൽ വരുമ്പോൾ ലോക്കോ പൈലറ്റുമാർ ഇനി നിസഹായരാവില്ല
ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തിച്ച് കൂട്ടിയിടി ഒഴിവാക്കി സുരക്ഷ ശക്തമാക്കും
ജി.പി.എസ്., റേഡിയോ ടെക്‌നോളജി എന്നിവ വഴി കുറ്റമറ്റ സുരക്ഷാ സംവിധാനമാകും
പാളത്തിലെ പ്രശ്‌നങ്ങളും അമിതവേഗവും അപകടസിഗ്‌നൽ മറി കടക്കുന്നതും ഒഴിവാകും
ദൂരം: 108 കിലോമീറ്റർ എറണാകുളം- ഷൊർണൂർ
ടവർ സംവിധാനം ഉൾപ്പെടെ ചെലവ്: 67.99 കോടി
പൂർത്തീകരണ കാലാവധി: 540 ദിവസം
രാജ്യത്തെ റെയിൽ ശൃംഖല: 68,000 കി.മീ
കവച് നിലവിലുള്ളത്: 1465 കി.മീ ദൂരം
രാജ്യത്ത് നിർമ്മിക്കാനൊരുങ്ങുന്നത്: 3000 കിലോമീറ്ററിൽ
ലോകത്തിൽ ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്. ഇത് നിലവിൽ വരുന്നതോടെ ട്രെയിൻയാത്ര കൂടുതൽ സുരക്ഷിതമാകും.
പി.കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
റെയിൽവേ പാസഞ്ചേഴ്‌സ് അസോ.