 
ചേർപ്പ് : സമൂഹത്തിലെ നിരാലംബർക്ക് സഹായ ഹസ്തമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിക്ക് രൂപം നൽകിയിരിക്കയാണ് അമ്മാടം സെന്റ് ആന്റണീസ് സ്‌കൂൾ. പാലന എന്നു പേരിട്ട പദ്ധതി വഴി സ്‌കൂൾ കുട്ടികൾ വീടുകളിലെത്തി നിരാലംബരായവർക്ക് സഹായം ചെയ്ത് നൽകുകയാണ്. പാറളം പഞ്ചായത്തിലെ 15 വാർഡുകളിലെ നിരാലംബരായ രോഗികളുടെ വീടുകളിലേക്കാണ് കുട്ടികളുടെ പാലന യാത്ര ആരംഭിച്ചിട്ടുള്ളത്. വാർഡ് അംഗങ്ങൾ നിർദ്ദേശിക്കുന്ന നിരാലംബരായവരുടെ വീടും പരിസരവും വൃത്തിയാക്കുകയും ആവശ്യമായ മരുന്നുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സഹായങ്ങളും നൽകിയാണ് പാലന സംഘം മടങ്ങുന്നത്. പഞ്ചായത്തിലെ മൂന്ന് വീടുകളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഒരു വർഷം നീളുന്ന പദ്ധതി പ്രവർത്തനങ്ങൾ കുട്ടികൾ സ്വരൂപിക്കുന്ന പാലന ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നത്. പാലനയുടെ യൂണിഫോം ധരിച്ച പന്ത്രണ്ട് കുട്ടികളും അദ്ധ്യാപകരും പി.ടി.എ, എം.പി.ടി.എ അംഗങ്ങളുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വീടും പരിസരവും വൃത്തിയാക്കാനുള്ള ഉപകരണങ്ങളും മറ്റു സാമഗ്രികളും ഇവരുടെ പക്കൽ ഉണ്ട്. നിരാലംബരെ സഹായിക്കുകയും അവർക്ക് തണലൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സമൂഹത്തിൽ ദയനീയത അനുഭവിക്കുന്നവരുടെ നേരെ സഹായഹസ്തം നീട്ടാൻ പദ്ധതിയിലൂടെ സാധിക്കും.
-ഡെന്നസ് പല്ലിശ്ശേരി
(പി.ടി.എ പ്രസിഡന്റ്)
വൈജ്ഞാനിക സമ്പാദനത്തിനൊപ്പം സാമൂഹികാവബോധവും കുട്ടികളിൽ വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്റ്റെയ്‌നി ചാക്കോ
(സ്‌കൂൾ പ്രധാന അദ്ധ്യാപകൻ)