1

തൃശൂർ: സംസ്ഥാനത്ത് പി.എ.സി.എല്ലിൽ 18.5 കോടി രൂപയുടെ നിക്ഷേപം തിരിച്ചുകിട്ടാതെ 18 ലക്ഷത്തോളം നിക്ഷേപകരും ഫീൽഡ് വർക്കർമാരും ഒമ്പത് വർഷമായി അനുഭവിക്കുന്ന ദുരിതം അവസാനിക്കാൻ വഴി തെളിഞ്ഞതായി പി.എ.സി.എൽ സംസ്ഥാന കോ- ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ. അശോകനും ജനറൽ സെക്രട്ടറി ജോയ് കൈതാരത്തും അറിയിച്ചു. കഴിഞ്ഞമാസം 29ന് സുപ്രീം കോടതി നടത്തിയ ഇടപെടലിലൂടെ സംസ്ഥാനത്തെ നിക്ഷേപകരുടെ പണം കൊണ്ട് വാങ്ങിയ, നിയമാനുസൃതം കണ്ടുകെട്ടിയ വസ്തുവകകൾ വിനിമയം ചെയ്ത് നഷ്ടപരിഹാരം നൽകാനാണ് വഴി തെളിഞ്ഞത്. സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും പി.എ.സി.എൽ ഓഫീസുകൾ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുത്ത നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങൾ ആർ.എം ലോധ കമ്മിഷന് കൈമാറും.
കോ - ഓർഡിനേഷൻ കമ്മിറ്റി ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരുന്നത് ഒഴികെയുള്ള ആവശ്യങ്ങളോട് സംസ്ഥാന സർക്കാരും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈ മാസം നാലിന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് തുക തിരിച്ച് കിട്ടുന്നതുവരെ സമിതി പ്രവർത്തനം തുടരും. പഞ്ചാബ് സർക്കാരിനെ മാതൃകയാക്കി കേരള സർക്കാർ സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് രൂപം നൽകാൻ തിങ്കളാഴ്ച രാവിലെ പത്തിന് തൃശൂർ റീജ്യണൽ തിയേറ്ററിൽ സംസ്ഥാന കൺവെൻഷൻ ചേരും. ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് ജോയ് കൈതാരത്ത് പറഞ്ഞു. ടി.വി. കമലാസനൻ, എം.ഒ. റോസിലി, പി.സി. ശിവകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.