തൃശൂർ: വയനാട് ദുരന്തം പോലുള്ള പാരിസ്ഥിതിക വെല്ലുവിളികൾ അതിജീവിക്കാനും മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനംവകുപ്പ് സജ്ജമാണെണന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പറവട്ടാനിയിൽ വനംവകുപ്പിന്റെ കെട്ടിടസമുച്ചയത്തിന് തറക്കല്ലിടുകയായിരുന്നു മന്ത്രി. മലയാറ്റൂർ വനം ഡിവിഷനിലെ മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി അനുവദിച്ച രണ്ട് പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. അയ്യന്തോളിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചെമ്പുക്കാവിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, റിസർച്ച് നോർത്ത് ഡിവിഷൻ, ഫോറസ്റ്റ് റിസോഴ്‌സ് സർവേ സെൽ തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനം പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതോടെ ഒറ്റ ഓഫീസ് സമുച്ചയത്തിലേക്ക് മാറും. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നബാർഡ് പദ്ധതിയിൽ 11.62 കോടി രൂപ ചെലവിലാണ് നിർമ്മാണം. ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. വനംവകുപ്പ് മേധാവി ഗംഗാസിംഗ്, എ.പി.സി.സി.എഫ് ഡോ.എൽ. ചന്ദ്രശേഖർ, മദ്ധ്യമേഖലാ സി.സി.എഫ് ഡോ. ആർ. ആടലരശൻ, തൃശൂർ ഡി.എഫ്.ഒ രവികുമാർ മീണ തുടങ്ങിയവർ പ്രസംഗിച്ചു.