ചാലക്കുടി: നഗരത്തിലെ തെരുവ് നായ പ്രശ്‌നത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിന്റെ പേരിൽ ചെയർമാൻ വെല്ലുവിളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്. തെരുവ് നായ വിഷയത്തിൽ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പൗര പ്രമുഖരുടെ ബദൽ യോഗത്തിനെതിരെ ചെയർമാൻ വിശദീകരണ നോട്ടീസ് നൽകുമെന്ന് പറഞ്ഞതിന്് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം വിളിച്ചത്. അതീവ ഗൗരവമുള്ള പ്രശ്‌നത്തെ ചെയർമാനും ഭരണപക്ഷവും ലാഘവത്തോടെയാണ് കാണുന്നത്. പ്രതിപക്ഷ കൗൺസിലർമാർക്ക് പൗര പ്രമുഖരുടെ യോഗം വിളിക്കാൻ അധികാരമുണ്ടന്നോ ഇല്ലെന്നോ മുനിസിപ്പൽ ആക്ടിൽ പറയുന്നില്ല. എല്ലാ വിഭാഗവും ഒറ്റക്കെട്ടായി പ്രതികരിച്ചപ്പോൾ ചെയർമാനും കൂട്ടരും അന്തംവിട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വിപുലമായ യോഗം വിളിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വളർത്ത് നായകൾക്ക് വാക്‌സിനേഷൻ നടത്തിയതിന് മറ്റു തദ്ദേശ സ്ഥാപനങ്ങൾ 150 രൂപ ഈടാക്കിയപ്പോൾ ചാലക്കുടിയിൽ 1250 രൂപയായിരുന്നു. ഇതിൽ നിന്ന് 12 ലക്ഷം രൂപ ലഭിക്കും. തെരുവ് നായകളെ ഷെൽട്ടർ നിർമ്മിച്ച് മാറ്റുമെന്ന പ്രഖ്യാപനം കാറ്റിൽ പറത്തി. തുക വകമാറ്റി. മാളയിലെ ഷെൽട്ടർ നിർമ്മാണ തീരുമാനത്തിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തിയില്ല. പ്രതിപക്ഷത്തെ അവഹേളിക്കുന്ന വാർത്താസമ്മേളനത്തിൽ ചെയർമാനൊപ്പം പങ്കെടുത്ത ഹെൽത്ത് സൂപ്പർവൈസറുടെ പേരിൽ പരാതി നൽകിയിട്ടുണ്ടെന്നും സി.എസ്.സുരേഷ് വ്യക്തമാക്കി.

ബദൽ യോഗത്തെച്ചൊല്ലി കലഹം


തെരുവ്നായ ശല്യം ഇല്ലാതാക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് കഴിഞ്ഞ ദിവസം പൗര പ്രമുഖരുടെ ബദൽ യോഗം വിളിച്ചിരുന്നു. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് നഗരസഭാ കാര്യാലയത്തിൽ ചെയർമാൻ അറിയാതെ യോഗം വിളിച്ചു ചേർക്കാൻ ആർക്കും അധികാരമില്ലെന്ന് കാണിച്ച് എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷിന് വിശദീകരണ നോട്ടീസ് നൽകാൻ സെക്രട്ടറിയെ ചുമലപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ചെയർമാൻ അറിയിച്ചിരുന്നു.