 
തൃശൂർ: പീച്ചി ഡാം മാനേജ്‌മെന്റിനുണ്ടായ ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കൊടങ്കണ്ടത്ത് കളക്ടർക്ക് പരാതി നൽകി.
കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനമായി റൂൾ കർവ് കൃത്യമായി പാലിക്കാനും അണക്കെട്ട് തുറക്കേണ്ട സാഹചര്യം 36 മണിക്കൂറിന് മുമ്പ് ദുരന്തനിവാരണ അതോറിറ്റിയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കാനും നിർദ്ദേശമുള്ളതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമാണ് വെള്ളം വിടേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് പീച്ചി ഡാമിന്റെ ഷട്ടറുകൾ 72 ഇഞ്ച് തുറന്ന് മനപൂർവം പ്രളയമുണ്ടാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഡാം മാനേജ്‌മെന്റ് ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ ഷാജി കോടങ്കണ്ടത്ത് ചൂണ്ടിക്കാട്ടി.
റൂൾ കർവ് പ്രകാരം വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും പീച്ചി ഡാമിന്റെ ഷട്ടറുകൾ 72 ഇഞ്ച് തുറന്നതാണ് പ്രളയത്തിന് കാരണമെന്നും സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.