കയ്പമംഗലം : കയ്പമംഗലത്തെ മഴയുടെ അളവ് ഇനി കുട്ടികൾ കണ്ടെത്തും. ആരും ഞെട്ടേണ്ട, കയ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സമൂഹത്തിന് മാതൃകയായി മഴ മാപിനികൾ നിർമ്മിച്ചത്. കയ്പമംഗലത്ത് പെയ്യുന്ന മഴയുടെ അളവ് അതിലൂടെ ഇനി കണക്കാക്കാനാകും. പ്രദേശത്തെ മഴയുടെ ഏറ്റക്കുറച്ചിലുകൾ അറിയാൻ ഇതിലൂടെ സാധിക്കും. സ്‌കൂളിൽ മഴ പെയ്യുമ്പോൾ അതിന്റെ അളവ് രേഖപ്പെടുത്തുന്നതോടൊപ്പം വീടുകൾ നിൽക്കുന്ന പ്രദേശത്തെ മഴയുടെ തോതും കുട്ടികൾ ഇതിലൂടെ രേഖപ്പെടുത്തുന്നു.
പ്ലാസ്റ്റിക് കുപ്പിയിൽ സ്‌കെയിൽ കെട്ടിവച്ചാണ് മഴമാപിനി തയ്യാറാക്കിയത്. ഇതിനായി രണ്ട് പ്ലാസ്റ്റിക്ക് കുപ്പികൾ ഉപയോഗിച്ചു. ഒന്ന് മുറിച്ച് ഒന്നിന് മുകളിൽ ഒട്ടിച്ചുവച്ച് സ്‌കെയിൽ കെട്ടിവച്ചാണ് മഴമാപിനി കുട്ടികൾ ഉണ്ടാക്കിയത്. മഴ പെയ്യുമ്പോൾ പുറത്ത് വച്ചാൽ കുപ്പിയിൽ വീഴുന്ന ജലം സ്‌കെയിൽ മുഖാന്തിരം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
റിട്ട. അദ്ധ്യാപകനായ പി.ടി. മുരളീധരൻ മാസ്റ്ററാണ് കുട്ടികളെ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചത്. 'മഴയെ അറിയാം, അളക്കാം 'എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികൾക്ക് ക്ലാസ് നൽകിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്‌കൂളിൽ മഴമാപിനികൾ സ്ഥാപിച്ചത്. ചെറിയ പരീക്ഷണങ്ങളിലൂടെ വളർന്ന് നമ്മുടെ നാടിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന ഉദ്ദേശമാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പ്രധാനദ്ധ്യാപിക പി. ഷീന, അദ്ധ്യാപകരായ സീനത്ത്, വിദ്യ എന്നിവർ പറഞ്ഞു.
പ്രദേശത്തെ മഴയുടെ അളവുകളിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ മഴമാപിനികൾ ഏറെ സഹായകമാണ്.
-വിദ്യാർത്ഥികൾ