1

തൃശൂർ : ജില്ലയിൽ എച്ച്.വൺ എൻ.വൺ പടരുന്നു. ജാഗ്രതയില്ലെങ്കിൽ മരണത്തിന് വരെ സാദ്ധ്യത. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജില്ലയിൽ രോഗം ബാധിച്ച് മരിച്ചത് 2 പേരാണ്. 124 പേർക്കാണ് ഈ കാലയളവിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച്ച അരിമ്പൂർ എറവിൽ എച്ച്.വൺ എൻ.വൺ ബാധിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും കൊടുങ്ങല്ലൂരിൽ ഗൃഹനാഥൻ മരിച്ചു. ശ്രീനാരായണപുരം സ്വദേശിയായ അനിലാണ് (54) മരിച്ചത്. കഴിഞ്ഞമാസം 23ന് രോഗം സ്ഥിരീകരിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്.

ഇത്രയേറെ എച്ച്.വൺ, എൻ.വൺ കേസുകൾ ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ സമ്മതിക്കുന്നു.


രോഗം നിയന്ത്രണ വിധേയമാക്കാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. പലപ്പോഴും ലക്ഷണങ്ങൾ നിസാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നത് കൊണ്ടാണ് മരണത്തിൽ വരെയെത്തുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും മരുന്നും ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എലിപ്പനി മരണം അഞ്ച്

രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ച് മരണമാണ് എലിപ്പനി ബാധിച്ചുണ്ടായത്. സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ തൃശൂരുണ്ട്. ജൂലായ്, ഓഗസ്റ്റ് മാസത്തിലാണ് എറ്റവും കൂടുതൽ പേർ മരിച്ചത്. ജൂലായിൽ ആറ് പേരാണ് മരിച്ചതെങ്കിൽ കഴിഞ്ഞ മാസം ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഡെങ്കി 200 കടന്നു

ഡെങ്കിപ്പനി രണ്ടാഴ്ചയ്ക്കുള്ളിൽ 203 പേർക്കാണ് സ്ഥിരീകരിച്ചത്. സംശയാസ്പദമായുള്ളത് ഇതിനേക്കാൾ ഇരട്ടിയിലേറെ പേർക്കാണ്. ഡെങ്കി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.


രണ്ടാഴ്ചയ്ക്കുള്ളിൽ

എച്ച്.എൻ വൺ 124
എലിപ്പനി 35
ഡെങ്കി 203

മരണം

എച്ച്.വൺ എൻ.വൺ 2
എലിപ്പനി 5
ഡെങ്കി 1


എച്ച് വൺ എൻ വൺ

വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണം. തുടക്കത്തിൽ ചികിത്സിക്കുകയാണെങ്കിൽ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാനാകും. രോഗം സ്ഥിരീകരിച്ചാൽ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരം കഴിക്കാനും പൂർണ്ണ വിശ്രമമെടുക്കാനും ശ്രദ്ധിക്കണം.

ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുമായി എച്ച് വൺ, എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണമുണ്ടായാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി വിദഗ്ദ്ധ സഹായം തേടണം.

ടി.പി.ശ്രീദേവി

ജില്ലാ മെഡിക്കൽ ഓഫീസർ