
വടക്കാഞ്ചേരി : ഐശ്വര്യ നിറവിന്റെ മറ്റൊരു ഓണക്കാലമെത്തുമ്പോൾ ദേശസ്‌നേഹത്തിന്റെ പ്രതീകമായിരുന്ന ഖാദിതൊഴിലാളി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ ഉഴലുന്നു. ചർക്കകൾ മോട്ടോറിലേക്കും, ഖാദി വസ്ത്രങ്ങൾ യന്ത്ര നിർമ്മാണത്തിലേക്കും മാറിയതോടെ പരമ്പരാഗത തൊഴിലാളി മുഴുപട്ടിണിയിലായി. ഖാദി വസ്ത്രങ്ങൾ വലിയ തോതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ആരംഭിച്ചത് ദുരിതം കൂട്ടി. ഭൂരിഭാഗം ഖാദി കേന്ദ്രങ്ങളിലും ഇന്ന് തൊഴിലാളികളില്ല. ഒരു മാസം ജോലി ചെയ്താൽ പരമാവധി മൂവായിരമാണ് വരുമാനം. സ്ത്രീ ശാക്തീകരണം മുഖ്യ അജണ്ടകളിലൊന്നായി പ്രവർത്തിക്കുന്ന സർക്കാർ ഭൂരിഭാഗം സ്ത്രീകൾ ജോലി ചെയ്യുന്ന ഈ തൊഴിൽ മേഖലയെ അവഗണിക്കുകയാണ്.
ഖാദി ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചെങ്കിലും വേതനത്തിൽ മാറ്റമില്ല. അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ ഇല്ലായ്മയും, ചർക്കകളുടെ ശോച്യാവസ്ഥയും മൂലം രണ്ട് മുതൽ മൂന്ന് മീറ്റർ വരെയാണ് ഒരാൾ ദിവസം നെയ്യുക. ഇൻസെന്റീവും, മിനിമം കൂലിയും ഉല്പാദനത്തിന് ആനുപാതികമായി നൽകണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. ഇൻസെന്റീവ് ലഭിച്ചിട്ട് രണ്ട് വർഷമായെന്ന് തൊഴിലാളികൾ പറയുന്നു. ഓരോ തൊഴിലാളിക്കും ശരാശരി 50,000 രൂപ വരെ ഈ ഇനത്തിൽ ലഭിക്കണം. ഖാദി കേന്ദ്രത്തിൽ എട്ട്മണിക്കൂർ നെയ്ത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ പിറ്റേ ദിവസത്തേക്കുള്ള നൂൽ നൂൽക്കാൻ വീട്ടിൽ ആറ് മണിക്കൂറോളം ജോലി ചെയ്യണം. ഗുണനിലവാരം കുറഞ്ഞ പഞ്ഞിയാണ് ലഭിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. ഒരു ദിവസം 18 കഴി നൂൽ നൂൽക്കണം. കൈകൊണ്ട് യന്ത്രം പ്രവർത്തിപ്പിക്കണം. കൂടുതൽ പ്രവൃത്തി പരിചയമുള്ള തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്നത് 10,000 രൂപയിൽ താഴെയാണ്. ക്ഷാമബത്ത ലഭിച്ചിട്ടും വർഷങ്ങളായി. മതിയായ വേതനം ലഭിക്കാത്തതിനാൽ പുതിയ തൊഴിലാളികളും മേഖലയിലേക്ക് വരുന്നില്ല. പലരും തൊഴിലുപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടി പോയി.
ദുരിതമൊഴിയാ ജീവിതം
ഇൻസെന്റീവ് ലഭിച്ചിട്ട് രണ്ട് വർഷം
ഈ ഇനത്തിൽ ലഭിക്കേണ്ടത് ശരാശരി 50,000 വരെ
മിനിമം കൂലി മുടങ്ങിയിട്ട് 15 മാസം
ഒരു ദിവസം 18 കഴി നൂൽ നൂൽക്കണം.
പഞ്ഞി മോശമായതിനാൽ നൂൽക്കുന്നത് പകുതിയിൽ താഴെ
വിദഗ്ദ്ധതൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് 10,000ൽതാഴെ