guruvayur

ഗുരുവായൂർ: ഏഴു വർഷം മുമ്പുള്ള റെക്കാഡ് തിരുത്തി ഗുരുവായൂരിൽ ഇന്നലെ നടന്നത് 334 വിവാഹം. 2017 ആഗസ്റ്റ് 27ന് നടന്ന 276 വിവാഹമായിരുന്നു നേരത്തെയുള്ള റെക്കാഡ്. തിരക്ക് പരിഗണിച്ച് രാവിലെ അഞ്ചിന് തുടങ്ങാറുള്ള വിവാഹ ചടങ്ങ് നാലിനേ തുടങ്ങി.

ആദ്യ മണിക്കൂറിൽ 10 വിവാഹങ്ങളാണ് നടന്നത്. ഉച്ചപൂജയ്ക്ക് നടയടച്ച 11.30 വരെ 333 വിവാഹം നടന്നു. 12.30ന് ഒരു വിവാഹം കൂടി നടന്നു. 356 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിൽ ആറ് സംഘങ്ങൾ എത്തില്ലെന്നത് ശനിയാഴ്ച വൈകിട്ട് ദേവസ്വത്തെ അറിയിച്ചിരുന്നു. വഴിപാടായി വിവാഹം ശീട്ടാക്കിയവരാണ് ഇവർ. നടപ്പന്തലിലേക്ക് രാവിലെ മുതൽ പ്രവേശനമുണ്ടായിരുന്നില്ല. 11 മണിയോടെ വിവാഹത്തിരക്ക് കുറഞ്ഞശേഷമാണ് കിഴക്കേ നടപ്പന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്.

 പ്രവേശനം 24 പേർക്ക്

പുലർച്ചെ നാലിന് മുമ്പു തന്നെ വിവാഹസംഘങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. തെക്കേനടയിൽ തയ്യാറാക്കിയ പന്തലിലെത്തി റിപ്പോർട്ട് ചെയ്ത വിവാഹ സംഘങ്ങൾക്ക് ടോക്കൺ നൽകി പന്തലിൽ വിശ്രമിക്കാൻ അവസരം നൽകി. ഇവിടെ നിന്നും നമ്പർ അനുസരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയം വഴി വിവാഹ സംഘങ്ങളെ കല്യാണ മണ്ഡപങ്ങളിലേക്ക് കയറ്റി വിട്ടത്. ഒരു വിവാഹ സംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. മറ്റുള്ളവർക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന് താലിക്കെട്ട് കാണാൻ അവസരമൊരുക്കിയിരുന്നു.