1

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആസൂത്രണവും ജീവനക്കാരുടെയും പൊലീസിന്റെയും മികവുറ്റ പ്രവർത്തനവും ഒത്തുചേർന്നപ്പോൾ റെക്കാഡ് വിവാഹം നടന്നിട്ടും ഗുരുവായൂരിൽ തിരക്ക് അനുഭവപ്പെട്ടില്ല. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇന്നലെ മികവാർന്ന സേവനം കാഴ്ച വച്ചു. ഇവർക്കെല്ലാം ആവശ്യമായ നിർദ്ദേശം നൽകി ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയനും അസി. പൊലീസ് കമ്മിഷണർ ടി.എസ്.സിനോജും മുഴുവൻ സമയവും ക്ഷേത്രനഗരിയിലുണ്ടായി. ദേവസ്വത്തിലെ നൂറോളം സെക്യൂരിറ്റി ജീവനക്കാരും നൂറോളം പൊലീസുകാരും ചേർന്നാണ് തിരക്ക് നിയന്ത്രിച്ചത്. ഇതിന് പുറമേ ഗതാഗതം നിയന്ത്രിക്കാനായി എൻ.സി.സി കേഡറ്റുകളും രംഗത്തുണ്ടായി. ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ക്ഷേത്ര നഗരിയിൽ വൺവേ ഏർപ്പെടുത്തി. റോഡിൽ വാഹനം നിറുത്തിയിടാൻ അനുവദിച്ചിരുന്നില്ല. ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ള ക്ഷേത്ര നഗരിയിലെ ഗ്രൗണ്ടുകൾ പാർക്കിംഗിനായി തുറന്നു കൊടുത്തിരുന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗം സി.മനോജ് എന്നിവരും കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.