വേലൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ എട്ട് വർഷം കൊണ്ട് സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേലൂർ ഗവ.രാജ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ഇടപെടലുകളോടെയും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയും പൊതു വിദ്യാലയങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടങ്ങൾ നിർമ്മിച്ച് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയെന്നും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ. രാധാകൃഷ്ണൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി. റഹീം വീട്ടിപറമ്പിൽ, ജലീൽ ആദൂർ, എ.വി വല്ലഭൻ, ആൻസി വില്യംസ്, സ്വപ്ന റഷീദ് എന്നിവർ സംസാരിച്ചു.