bindu
1

ഇരിങ്ങാലക്കുട : റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണത്തെപ്പറ്റിയുള്ള പരാതികൾ ചർച്ച ചെയ്യാനായി പ്രത്യേക യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട ഭാഗത്ത് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തെ സംബന്ധിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി.
കാട്ടൂർ പഞ്ചായത്തിലെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വ്യവസായ സ്ഥാപനത്തിൽ നിന്ന് സമീപത്തെ വീടുകളിലെ കിണറുകളിൽ ആസിഡ് കലർന്ന സംഭവവും യോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും സമയകൃത്യത പാലിക്കാത്തതിനാൽ മൂന്നുമണിക്ക് ശേഷം ബസ് സ്റ്റാൻഡിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായും മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. മുകുന്ദപുരം തഹസിൽദാർ കെ.എം. സിമീഷ് സാഹു, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.