chala
1

കൊടുങ്ങല്ലൂർ : തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഇത്തവണ ഓണാഘോഷം പൊലിമയില്ലാതെ. കടലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മുൻ സീസണെ അപേക്ഷിച്ച് മത്സ്യലഭ്യതയിൽ കുറവുണ്ടായതാണ് കാരണം. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ലഭിക്കാറുള്ള മത്സ്യത്തിന്റെ നാലിലൊന്നു പോലും ഇത്തവണ ലഭിക്കാതിരുന്നതാണ് ഓണക്കാല പ്രതീക്ഷകളെ ആകെ തകിടം മറിച്ചത്. മത്സ്യബന്ധനത്തിന് പോയി മീനൊന്നും കിട്ടാതെ വെറുംകയ്യോടെ തിരിച്ചെത്തുന്ന അവസ്ഥയായിരുന്നു മിക്ക ദിവസങ്ങളിലും. ഇപ്പോഴും തൽസ്ഥിതി തന്നെ തുടരുകയാണ്.
കടലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് ജീവിത പ്രതിസന്ധി ഉണ്ടാക്കിയത്. ചില ബോട്ടുകാർ പെയർ പെലാജിക് എന്ന ഇരട്ട വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതും തീരക്കടലിൽ മത്സ്യ സമ്പത്ത് ഇല്ലാതാക്കി. കുഞ്ഞുങ്ങളും മുട്ടകളും ഉൾപ്പെടെ കൂട്ടത്തോടെ പെലാജിക് വലകളിൽ കുടുങ്ങുന്നു. ഇങ്ങനെ കിട്ടുന്ന ചെറുമീനുകളെ വ്യവസായിക ആവശ്യത്തിനായി കയറ്റി അയയ്ക്കുകയാണ്.

പെലാജിക് ഇരട്ട വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം വ്യാപകമാകുന്നത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. കിലോമീറ്ററുകളോളം താഴേക്ക് എത്തുന്ന ഈ വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതി നിയമവിരുദ്ധമാണെങ്കിലും പലയിടത്തും യഥേഷ്ടം നടക്കുന്നു. ഫിഷറീസ് വകുപ്പ് ഇതിനെതിരെ നടപടികൾ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഇതേ മത്സ്യ ബന്ധന രീതി വ്യാപകമായി തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പെലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തടഞ്ഞില്ലെങ്കിൽ പരമ്പരാഗത മത്സ്യ ബന്ധനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്.

ചാളയും അയലയും കിട്ടാനില്ല

മുൻ വർഷങ്ങളിൽ ജൂൺ, ജൂലായ് ആഗസ്റ്റ് മാസങ്ങളിലെ സീസണിൽ ചാളയും അയലയും നല്ല പോലെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. കിളിമീനുകളാണ് അധികവും ലഭിച്ചത്. ചാള തീരെ കിട്ടാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും വെള്ളത്തിന്റെ ഒഴുക്കും മൂലവും ചാള ഓരോ ഭാഗത്തേക്കും മാറി മാറി സഞ്ചരിച്ച് ഇപ്പോൾ തമിഴ്‌നാട് ഭാഗങ്ങളിൽ എത്തിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അധികം വൈകാതെ ചാള തിരിച്ചെത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ കണക്ക്കൂട്ടൽ. ചാളക്കുഞ്ഞുങ്ങൾ ഇപ്പോഴും കടലിൽ സജീവമായി ഉള്ളതാണ് പ്രത്യാശയ്ക്ക് കാരണം.

പെലാജിക് ഇരട്ട വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് ചേറ്റുവയുടെ വടക്കൻ പ്രദേശങ്ങളിൽ ഇപ്പോഴും നിർബാധം തുടരുകയാണ്. ഇതിനെതിരെ ഫിഷറീസ് വകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പരമ്പരാഗത മത്സ്യബന്ധം ഇല്ലാതാകും.
- പി.എസ്. ഷിഹാബ്
(അഴീക്കോട് മേഖലാ സെക്രട്ടറി, പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി)