
പുതുക്കാട്: അണുകുടുംബങ്ങളുടെ കാലത്ത് കൂട്ടുകുടുംബമാണ് കക്കാട്ട് കുടുംബത്തിന്റെ വിലാസം. മൂന്ന് സഹോദരന്മാർ, ഭാര്യമാർ, അവരുടെ എട്ട് മക്കൾ എല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴെ. ഇല്ലായ്മയും വല്ലായ്മയും അറിഞ്ഞുതന്നെയാണ് കക്കാട്ട് വേലായുധന്റെ മൂന്ന് മക്കളും വളർന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ പഠനം ഒതുങ്ങിയെങ്കിലും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസായിരുന്നു മുതൽ മുടക്ക്. പിതാവ് വേലായുധൻ ചെറിയ തോതിൽ ആരംഭിച്ച ഹാർഡ് വെയർ വ്യാപാരം ഇപ്പോൾ മക്കളിലേക്കെത്തി. തൊഴിലാളികളും മുതലാളിയും എല്ലാം ഈ സഹോദരങ്ങൾ.
ജനലിന്റെ കുറ്റിയും കൊളുത്തും ബോൾട്ടും ഉണ്ടാക്കുന്ന ഇവരുടെ ചെറുകിട വ്യവസായം ഒല്ലൂരിലാണ്. തൊഴിലാളികളും വിതരണക്കാരും എല്ലാം സഹോദരങ്ങൾ. മൂന്നാളും തൊഴിലാളികൾ. ഇവർ ഉണ്ടാക്കുന്ന കുറ്റിയും കൊളുത്തും ബോൾട്ടും സംസ്ഥാനം മുഴുവൻ വിതരണം ചെയ്യുന്നു. വിവാഹം കഴിഞ്ഞപ്പോഴും മൂന്ന് പേർക്ക് വ്യത്യസ്ത വീട് വയ്ക്കുന്നതിന് പകരം എല്ലാവർക്കും ഒരുമിച്ച് കഴിയാനാകുന്ന ഒരു വീട് നിർമ്മിച്ചു. എല്ലാവർക്കും ഒന്നിച്ച് കഴിയാൻ സൗകര്യമുള്ള നാലുകെട്ട് മാതൃകയിൽ ഒരു വീട് നിർമ്മിച്ചതിന്റെ ഗൃഹപ്രവേശനമായിരുന്നു കഴിഞ്ഞ ദിവസം. പുതിയ വീട്ടിലേക്ക് കയറുമ്പോൾ പിതാവ് വേലായുധൻ ജീവിച്ചിരിപ്പില്ലെന്ന വേദനയിലാണ് ഈ കുടുംബം. എങ്കിലും കുടുംബനാഥയായി വേലായുധന്റെ ഭാര്യ വത്സലയുണ്ട്. മക്കളിൽ മൂത്തയാൾ വിനോദാണ്. വിജീഷ്. വിനീഷ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ശോഭിത, ശിൽപ്പ, സൗമ്യ എന്നിവരാണ് മരുമക്കൾ.
അശരണർക്ക് അഭയമായി ഗൃഹപ്രവേശം
അശരണരായ രോഗികൾക്ക് ആശ്വാസമാകുന്ന ആശുപത്രി ഉപകരണങ്ങൾ നൽകിയായിരുന്നു ഗൃഹപ്രവേശം. വർഷങ്ങളായി അശരണരായ രോഗികൾക്ക് ആശുപത്രി ഉപകരണങ്ങൾ നൽകുന്ന കല്ലൂരിലെ സൗഹൃദ യുവ സംഗമം പ്രവർത്തകർക്കാണ് ആശുപത്രി ഉപകരണം കൈമാറിയത്. പ്രസിഡന്റ് പ്രിബനൻ ചുണ്ടേലപറമ്പിൽ, രക്ഷാധികാരി സതീശൻ ഊരാത്ത് എന്നിവർ ചേർന്നാണ് ഉപകരണങ്ങളേറ്റുവാങ്ങിയത്.