
തൃശൂർ പൂരം കലക്കിയെന്ന് പറഞ്ഞാൽ അർത്ഥം രണ്ടാണ്. ഒന്ന് പൂരം അടിപൊളിയായിരുന്നുവെന്ന് സൂചന നൽകുമ്പോൾ മറ്റേത് പൂരം അലങ്കോലമായി എന്നാണ് സൂചന നൽകുന്നത്. എന്നാൽ കഴിഞ്ഞ പൂരത്തെ സംബന്ധിച്ചാണെങ്കിൽ രണ്ടാമത്തേ അർത്ഥം ഉപയോഗിക്കുന്നതാകും കൂടുതൽ ശരി. പൂരം കഴിഞ്ഞ് മാസങ്ങളായെങ്കിലും പൂരത്തെ സംബന്ധിച്ച വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടല്ല. അലങ്കോലമാക്കി ബി.ജെ.പിക്ക് ലോക്‌സഭയിലേക്ക് വഴിയൊരുക്കാൻ എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ശ്രമിച്ചുവെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണത്തോടെ അഞ്ച് മാസം മുമ്പ് വിടചൊല്ലിയ പൂരത്തിന് വീണ്ടും വിവാദക്കൊടിയേറ്റ്. പ്രതിപക്ഷനേതാവും സി.പി.എം ബി.ജെ.പി നേതാക്കളും തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറുമെല്ലാം ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയതോടെ വിവാദത്തിന്റെ കൂട്ടപ്പൊരിച്ചിലായി. തൊട്ടുപിന്നാലെ പൂരം നടത്തിപ്പിലെ പ്രതിസന്ധികൾ എണ്ണിപ്പറഞ്ഞ് ദേവസ്വങ്ങളും രംഗത്തെത്തി. പൂരത്തിൽ വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ്, പൂരം പ്രദർശനം തുടങ്ങിയവയുടെ പ്രതിസന്ധികൾ അക്കമിട്ട് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കിയതോടെ വിവാദത്തിന് വീണ്ടും മറ്റൊരു മാനം വന്നു. കേന്ദ്ര സർക്കാരിന്റെ എക്സ്‌പ്ലോസീവ് നിയമപ്രകാരം ഫയർലൈനിൽ നിന്ന് നൂറ് മീറ്റർ വരെ ആരെയും നിറുത്താൻ പാടുള്ളതല്ലെന്നും ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് നൂറ് മീറ്റർ എന്നതിന് പകരം അറുപത് മീറ്ററെങ്കിലും ആക്കിയാലേ പ്രദക്ഷിണ വഴിയിൽ നിന്ന് ആസ്വാദകർക്ക് വെടിക്കെട്ട് കാണാനാകൂവെന്നും ദേവസ്വം ചൂണ്ടിക്കാട്ടി. വെടിക്കെട്ടിന്റെ വ്യാപ്തിയും സാന്ദ്രതയും പതിന്മടങ്ങ് കുറച്ച സാഹചര്യത്തിൽ അകലം അമ്പതോ അറുപതോ മീറ്റർ ആയി കുറയ്ക്കാം. ദൂരപരിധിയിൽ ഇളവ് നൽകിക്കഴിഞ്ഞാൽ രാത്രി നടക്കുന്ന പൂരം എഴുന്നള്ളിപ്പിന് കൂടി തടസമില്ലാതെ കാണികൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തോടെ പൂരം ചടങ്ങുകളെല്ലാം കാണാം. ഇതിനായി നിയമഭേദഗതി ആവശ്യമാണെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി.
വിവാദം കൊണ്ട് ആനകളുടെ
പ്രതിസന്ധി തീരുമോ?
എഴുന്നള്ളിപ്പുകൾക്കും മറ്റും ആവശ്യമായ ആനകളെ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ നിയമഭേദഗതി ഉൾപ്പെടെയുള്ള ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നാണ് ദേവസ്വങ്ങളും പ്രധാന ആവശ്യം. 1972ലെ വൈൽഡ് ലൈഫ് നിയമം വന്നതിന് ശേഷം നാട്ടാനകൾ കുറഞ്ഞുവരികയാണ്. ആയിരത്തിലധികം നാട്ടാനകളെ ആവശ്യമുള്ള പശ്ചാത്തലത്തിൽ, 350 ഓളം നാട്ടാനകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. അമ്പത് ശതമാനം ആനകൾ മദപ്പാടോ മറ്റ് രോഗാവസ്ഥകളോ മൂലം എഴുന്നള്ളിക്കാനാവാത്ത അവസ്ഥയിലാണ്. ബാക്കി 175 ഓളം ആനകൾ മാത്രമേ കേരളത്തിൽ എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്ക് ഉണ്ടാവുകയുള്ളൂ. പൂരത്തിന് മാത്രം 100 ആനകളെങ്കിലും വേണ്ടി വരും. കേന്ദ്രസംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികളും നിയമഭേദഗതികളും നടപ്പിൽ വരുത്തണം.
ആനകളുടെ കായികപരശോധന തടസവും സമ്മർദ്ദവും കൂടാതെ നടത്താനായി അനാവശ്യമായ ഇടപെടൽ ഒഴിവാക്കണം. പൂരങ്ങളും പെരുന്നാളുകളും നേർച്ചകളും എഴുന്നള്ളിപ്പുകളും കൃത്യമായും സുഗമമായും നടത്താനും ഭരണകൂടത്തിന്റെ സഹകരണം വേണം. നിയമത്തിന്റെ കർക്കശമായ തടസം നീക്കിയും ആവശ്യമെങ്കിൽ നിയമനിർമ്മാണമോ നിയമഭേദഗതി തന്നെയോ നടത്തണമെന്നും ആവശ്യമുയർന്നു.
സാമ്പിൾ മുതൽ പൂരം ദിവസം വരെ അനാവശ്യമായ പൊലീസ് ഇടപെടലും നിയന്ത്രണങ്ങളും കൂടിയെന്നും ഇതെല്ലാം പരിഹരക്കേണ്ടതാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ എന്നിവരുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പൂരം പ്രദർശനത്തിലും രാഷ്ട്രീയം
പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ് പൂരം പ്രദർശനമാണ്. അഞ്ചോ ആറോ ലക്ഷം രൂപ മാത്രമുണ്ടായിരുന്ന തറവാടക രണ്ടേകാൽ കോടി രൂപയും വർഷം തോറും പത്ത് ശതമാനം വർദ്ധനവുമാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ഇതിനുള്ള സാമ്പത്തിക വരുമാനം എക്സിബിഷനിൽ നിന്നുണ്ടാവാറില്ലെന്ന് ദേവസ്വങ്ങൾ പറയുന്നു. മുൻകാലങ്ങളിലെ പോലെ 42 ലക്ഷം രൂപ മാത്രം തറവാടക നിശ്ചയിച്ച് ഓരോ വർഷവും അഞ്ചുശതമാനം വീതം വർദ്ധന നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. തറവാടക കൂട്ടിയതിലും രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾ ശക്തമായിരുന്നു.
പൂരത്തിന് സംഭവിച്ചത്
തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാൽ പൂരം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ കെെകളിലായിരുന്നു. പൂരത്തിന്റെ അന്ന് പൊലീസ് തെക്കെ ഗോപുര വാതിലിലൂടെ ആനക്കാരെയും ദേവസ്വം ഭാരവാഹികളെയും കടത്തിവിട്ടില്ല എന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. വെടിക്കെട്ടിന്റെ പേരിൽ എഴുന്നെള്ളത്ത് വരുന്നതിനിടെ സ്വരാജ് റൗണ്ട് ബാരിക്കേഡ് വച്ച് കെട്ടിയടച്ചു. ജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്തു. പൂരം സംഘാടകരെ കൈയേറ്റം ചെയ്യുന്നത് അടക്കമുള്ള വീഡീയോ ദൃശ്യങ്ങളും പുറത്തുവന്നു. രാത്രി എഴുന്നെള്ളത്ത് തടസപ്പെട്ടതോടെ തിരുവമ്പാടി ദേവസ്വം പൂരം നിറുത്തിവയ്ക്കുകയായിരുന്നു.
രാത്രിയിൽ തുടങ്ങി പുലരുവോളം നീണ്ട ചർച്ചയെത്തുടർന്ന് പകൽപ്പൂരം നടന്നത്. അതിനിടയിൽ സ്ഥാനാർത്ഥികൾ രംഗത്തെത്തിയപ്പോൾ അതിന് രാഷ്ട്രീയമാനവും കൈവന്നു.
സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണ് പൂരം കലക്കിയതിന് പിന്നിലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. പൂരം കലക്കിയത് ആരാണെന്ന് പുറത്തുവരുന്നതിൽ ബി.ജെ.പിക്ക് എന്താണ് പ്രശ്നമെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എസ്.സുനിൽകുമാറും വ്യക്തമാക്കി. എ.ഡി.ജി.പിക്കെതിരെയും ബി.ജെ.പിക്കെതിരെയും സുനിൽ കുമാർ രംഗത്തെത്തിയിരുന്നു. പൂരം അലങ്കോലമാക്കിയ പാപഭാരത്തിൽ നിന്നും പുറത്തുവരാനുള്ള ശ്രമമാണെന്ന വിമർശനവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും പിന്നാലെയെത്തി.
എന്നാൽ പൂരം തകർത്ത് ഇടതുപക്ഷം ജയിക്കും എന്നുള്ള ധാരണ ആർക്കെങ്കിലും ഉണ്ടോയെന്നായിരുന്നു സുനിൽ കുമാറിന്റെ മറുചോദ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചെന്നും സുനിൽകുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെടുകയും ഈ സമയം സ്ഥലത്തെത്തിയ സുരേഷ് ഗോപിയുടെ ഇടപെടൽ ദുരൂഹത ഉയർത്തുന്നതുമാണെന്നാണ് കോൺഗ്രസിന്റെയും സി.പി.ഐയുടെയും ആരോപണം. പൂരം നാളിൽ എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ, നോർത്ത് സോൺ ഡി.ഐ.ജി: രാമൻ, തൃശൂർ ഡി.ഐ.ജി: അജിത ബീഗം തുടങ്ങിയവരെല്ലാം തൃശൂരിലുണ്ടായിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നാണ് മറ്റൊരു ആരോപണം. മുഖ്യമന്ത്രിക്കായി എ.ഡി.ജി.പി തൃശൂരിൽ തങ്ങിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ഉന്നയിച്ചതോടെ വിവാദത്തിന്റെ തീയും പുകയും ഇനിയും കെട്ടടങ്ങിയില്ല.