1

കൊടുങ്ങല്ലൂർ: എം.എസ്. ബാബുരാജ് എന്ന സംഗീത സംവിധായകന്റെ കഴിവ് തിരിച്ചറിഞ്ഞ് അവസരങ്ങൾ നൽകി സംഗീത ചക്രവർത്തിയായി വളരാൻ സഹായിച്ചത് പി. ഭാസ്‌കരൻ മാഷാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പി. ഭാസ്‌കരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച എം.എസ്. ബാബുരാജ് സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷനായി.

സംഗീതത്തിൽ കാര്യമായ വിദ്യാഭ്യാസം നേടാതിരുന്നിട്ടും ഭാസ്‌കരൻ മാഷ്ടെ ഗാനങ്ങൾ വച്ച് ലക്ഷണമൊത്ത ഗസൽ സംഗീതം ചിട്ടപ്പെടുത്താൻ ബാബുരാജിന് കഴിഞ്ഞിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയിരുന്ന ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ബാബുരാജിന്റെ മകൻ ജബ്ബാർ, ഇ.ജി. വസന്തൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എസ്. തിലകൻ സ്വാഗതവും ബക്കർ മേത്തല നന്ദിയും പറഞ്ഞു. തുടർന്ന് ബാബുരാജ് ഈണം നൽകിയ ഗാനങ്ങൾ ഉൾപ്പെടുത്തി എടപ്പാൾ വിശ്വം, റീന മുരളി എന്നിവർ നയിച്ച ഫൗണ്ടേഷൻ ഗായക സംഘത്തിന്റെ 'തളിരിട്ട കിനാക്കൾ' ഗാനമേളയും നടന്നു.