1

തൃശൂർ: സഹകരണ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് കാതലായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് കേരളകൗമുദി കോ- ഓപറേറ്റീവ് കമ്മ്യൂൺ ശ്രദ്ധേയം. സഹകരണ മേഖലയിലും ബാങ്കിംഗ് മേഖലയിലുമുള്ള പ്രഗത്ഭരുടെ സാന്നിദ്ധ്യത്താൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടി സഹകരണ മേഖലയ്ക്ക് കരുത്തും ഊർജവും പകരുന്നതായി.

'സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, കേരള സഹകരണ വേദി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം ടി. നരേന്ദ്രൻ, വടക്കാഞ്ചേരി ബ്‌ളോക്ക് മൾട്ടിപർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ. ദിവാകരൻ, ചാലക്കുടി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി.കെ. ആദിത്യവർമ്മ, കേരള ബാങ്ക് റിട്ട. സീനിയർ എക്‌സിക്യൂട്ടിവ് ഓഫീസർ കെ.വി. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാർ കെ.വി. രാധാകൃഷ്ണൻ മോഡറേറ്ററായി.

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് ജി.എസ്.ടി എന്നത് സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഏറെ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ചെറിയൊരു വീഴ്ചകളെ പോലും വലുതായി കാണിക്കുന്ന പ്രവണത ഏറിവരികയാണ്. ഇതിൽ ചില മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.
- എം.കെ. കണ്ണൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ്

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രം. ഇത് സഹകരണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. മൾട്ടിപർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റികൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന ശേഷം സഹകരണ മേഖലയിൽ വൻ കടന്നാക്രമണം നടക്കുന്നു. സാധാരണക്കാരന് വായ്പ ലഭിക്കുന്നത് വരെ തടയപ്പെടുന്ന തരത്തിലുള്ള കേന്ദ്രനിയമങ്ങളും വെല്ലുവിളിയാണ്.

- കെ.ജി. ശിവാനന്ദൻ, ജനറൽ സെക്രട്ടറി, കേരള സഹകരണ വേദി സംസ്ഥാന കമ്മിറ്റി


സഹകരണ, ധനകാര്യ മേഖലകളിൽ മികവുറ്റത് സഹകരണ പ്രസ്ഥാനമാണ്. അഞ്ച് ശതമാനം വരുന്ന കോട്ടത്തെ ഫോക്കസ് ചെയ്ത് 95 ശതമാനം വരുന്ന മേന്മയെ മറക്കുകയാണ്. ജനങ്ങളുമായും മണ്ണുമായും ബന്ധപ്പെട്ടുള്ളവർക്ക് മാത്രമെ സുസ്ഥിര വികസനത്തിലേക്ക് നയിക്കാൻ കഴിയൂ. അതിൽ ഉയർന്നുനിൽക്കുന്നത് സഹകരണ മേഖലയാണ്.

- ടി. നരേന്ദ്രൻ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം


സഹകരണ മേഖലയുടെ വികസനത്തിന് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് രീതിയിൽ തന്നെ മാറ്റം വരണം. സഹകരണ സംഘം വാർഷിക പൊതുയോഗങ്ങൾക്ക് ഭക്ഷണത്തിന് നൽകുന്നത് അറുപത് രൂപ മാത്രമാണ്. ഇതിൽ മാറ്റം വരുത്തണം. സഹകരണ മേഖലയിൽ ലേബർ ബാങ്ക് രൂപീകരിക്കുന്നത് സംസ്ഥാനത്ത് തൊഴിൽ മേഖലയ്ക്ക് വലിയ ആശ്വാസമാകും.

- ഇ.കെ. ദിവാകരൻ, വടക്കാഞ്ചേരി ബ്‌ളോക്ക് മൾട്ടിപർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്


കേരളത്തിലെ പിന്നാക്ക, വനിതാ, കാർഷിക മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണം. സുസ്ഥിരമായ വികസന കാഴ്ചപ്പാട് ആവശ്യമാണ്. സഹകരണ പ്രസ്ഥാനത്തിൽ സാധാരണക്കാരയ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാധിക്കണം.
- കെ.വി. അശോകൻ, കേരള ബാങ്ക് റിട്ട. സീനിയർ എക്‌സിക്യൂട്ടിവ് ഓഫീസർ


നിയമം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത വെല്ലുവിളികളും സഹകരണ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ലോകമാകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളത്തിലെ സഹകരണ മേഖല പിടിച്ചുനിന്നു. സഹകരണ മേഖലയിലെ സാദ്ധ്യതകളും പ്രശ്‌നങ്ങളും സംബന്ധിച്ച് വിശകലനം ചെയ്യുന്നതിനും നേരായ ദിശയിലേക്ക് നയിക്കുന്നതിനുമായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം.

- കെ.വി. രാധാകൃഷ്ണൻ, സഹകരണ വകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാർ