തൃശൂർ: സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണത്തെ ചെറുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരളകൗമുദി സംഘടിപ്പിച്ച സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ കോ- ഓപറേറ്റീവ് കമ്മ്യൂണിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് നിയമപരമായ പോരാട്ടവും മറുഭാഗത്ത് സഹകാരികളെ അണിനിരത്തിയുള്ള യോജിച്ച പോരാട്ടവുമാണ് കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണത്തിനെതിരെ നടത്തുന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ആർ.ബി.ഐ നടത്തുന്ന സർക്കുലർ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബിൽ സഹകരണ സംഘങ്ങൾക്കും സുരക്ഷിതത്വം നൽകും. എതെങ്കിലും സംഘം തകർച്ചയിലേക്ക് വന്നാൽ സംരക്ഷിക്കുന്നതിനായി സഹകരണ പുനരുദ്ധാരണ നിധി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപ ഗ്യാരണ്ടി അഞ്ച് ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഇത് മറ്റൊരു ബാങ്കുകൾക്കും ഇല്ലാത്ത പദ്ധതിയാണ്. സഹകരണ മേഖലയുടെ പ്രസക്തി തിരിച്ചറിയണം. സഹകരണ പ്രസ്ഥാനം സാമൂഹിക പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.
വയനാട് ദുരിത ബാധിതരുടെ മുഴുവൻ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളാൻ തിരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാർ ദുരിതത്തിൽപ്പെട്ടവർക്ക് വീട്ടുവാടകയിനത്തിലും മറ്റും നൽകിയ തുക മറ്റ് ബാങ്കുകൾ പിടിച്ചെടുക്കുകയായിരുന്നു. ഈ കൊള്ളയ്ക്കെതിരെ സർക്കാർ തന്നെ ഇടപെട്ടു. പിടിച്ചെടുത്ത തുക തിരിച്ചുകൊടുക്കാൻ മുഖ്യമന്ത്രിയാണ് ഇടപെട്ടത്. ഇതാണ് സഹകരണ ബാങ്കുകളും മറ്റ് ബാങ്കുകളും തമ്മിലുള്ള വ്യത്യാസമെന്നും സഹകരണ മന്ത്രി വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.