കയ്പമംഗലം : ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേന മതിലകത്ത് കൂൺഗ്രാമം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്. കേരള രാഷ്ട്രീയകൃഷി വികാസ് യോജന പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണ് കൃഷി വകുപ്പ് ഇതിനായി വിനിയോഗിക്കുക. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും രണ്ട് വൻകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും മൂന്ന് കൂൺ സംസ്‌കരണ യൂണിറ്റുകളുടെയും രണ്ട് പാക്ക് ഹൗസുകളുടേയും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളുടേയും പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷക സംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം നൽകും.
പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനവും പരിശീലനവും മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അദ്ധ്യക്ഷയായി. ജില്ലാ കൃഷി ഓഫീസർ എം.പി. അനൂപ്, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് മെമ്പർമാരായ വി.എസ്. ജിനീഷ്, നൗമി പ്രസാദ്, മിനി ഷാജി, ശോഭന ശാർങ്ധരൻ, മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ബി. അജിത്ത്, എടത്തിരുത്തി കൃഷി ഓഫീസർ ഡോ. പി.സി. സജന തുടങ്ങിയവർ സംസാരിച്ചു.