മാള: കരിങ്ങാച്ചിറ ബണ്ടിൽ സ്ഥിരം ഷട്ടർ സംവിധാനം ഒരുങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇന്നലെ തൃശൂരിൽ നടന്ന തദ്ദേശ അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. പുത്തൻചിറ, വേളൂക്കര, മാള എന്നീ പഞ്ചായത്തുകളും മാള, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ചേർന്ന് പദ്ധതിയൊരുക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിനെ മന്ത്രി ചുമതലപ്പെടുത്തി.
സ്ഥിരം ഷട്ടർ സംവിധാനം വരുന്നതോടെ പുത്തൻചിറ പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാകും. പുത്തൻചിറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന വൈക്കിലച്ചിറ, കരിങ്ങാച്ചിറ തോടിനെ ആശ്രയിച്ചാണ് മാള, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിൽ കൃഷി നടക്കുന്നത്.ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അദാലത്തിൽ പരാതി നൽകിയത്.
കൃഷിനാശം പതിവ്
വേലിയേറ്റ സമയത്ത് കായലിൽ നിന്നും ഉപ്പ് വെള്ളം കയറുന്നതും കാലം തെറ്റി മഴ പെയ്യുന്നതും മൂലം ഈ മേഖലയിൽ കൃഷി നാശം പതിവാണ്. നിലവിലുള്ള താത്കാലിക ബണ്ട് പലപ്രാവശ്യം തുറക്കേണ്ടതും പുനർനിർമ്മിക്കേണ്ടതും പുത്തൻചിറ പഞ്ചായത്തിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥിരം ഷട്ടർ സംവിധാനം ഒരുങ്ങുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും.