onam-kali

കോടശേരി: മൂന്നാം വർഷവും കളിക്കളത്തിലിറങ്ങുമ്പോൾ കുറ്റിച്ചിറയിലെ വനിതാ ഓണംകളി സംഘത്തിന് പുത്തൻതാളവും ശുഭപ്രതീക്ഷകളും. നിനില പുഷ്പന്റെ മേൽനോട്ടത്തിൽ മൈതാനങ്ങളിലെ പുരുഷാരത്തിന് മുന്നിൽ അരങ്ങ് തകർക്കാൻ പരിശീലനമെല്ലാം പൂർത്തിയാക്കി 21 പാട്ടുകളുമായി 33 വനിതകളെത്തും. ടീമിന്റെ പേര് മൈഥിലി വനിതാ ഓണംകളി സംഘം കുറ്റിച്ചിറ.

രാമായണ കഥയെ ആസ്പദമാക്കുന്ന ഓണംകളിയിൽ ടീമിന് നൽകാൻ വാത്മീകി കാവ്യത്തിലെ ദു:ഖപുത്രിയുടെ പേര് തെരഞ്ഞെടുത്തതിന് പിന്നിലും കാര്യമുണ്ട്. പെൺകരുത്തിന്റെ കൂട്ടായ്മയിൽ 2022ൽ ഉടലെടുക്കുമ്പോൾ സംഘത്തിലുണ്ടായിരുന്ന അംഗങ്ങൾ പതിനാല്. കളിയുടെ ചാരുതയും ഗാനാലാപനത്തിന്റെ മാധുര്യവും ഓണംകളി ആരാധകർ ഏറ്റെടുത്തപ്പോൾ ആദ്യ സംരംഭത്തിൽ വേദികൾ പലതും കിട്ടി. പിറ്റേ വർഷം അംഗങ്ങളുടെ എണ്ണം ഇരട്ടിയായി. ഇന്ന് 33ൽ എത്തി. കുറ്റിച്ചിറക്കാരി നിനില പുഷ്‌കരനാണ് ക്യാപ്ടൻ. ജിൽഷ ഷൈജു വൈസ് ക്യാപ്ടൻ. കുറ്റിച്ചിറയ്ക്ക് പുറമെ മാള, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടമ്മമാരും ടീമിലുണ്ട്. 7 മുതൽ 62 വയസുവരെയുള്ളവരിൽ ജോലിക്കാർ, വിദ്യാർത്ഥിനികൾ എല്ലാമുണ്ട്. പാട്ടുകൾ എഴുതിയത് അനി ഇരിങ്ങാലക്കുടയും സോനു വിജയയുമാണ്. വിനോദ് നെല്ലായിയുടേതാണ് സംഗീതം. ചെമ്പട താളത്തിലെ വിവിധ ചുവടു വയ്പ്പുകളുമായി സംഘം വ്യാഴാഴ്ച തട്ടകത്തെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറും.


ഓണം കളി......

രാമായണ കഥകളെ ആസ്പദമാക്കിയുള്ള കൈകൊട്ടിക്കളി പുരാതനകാലം മുതലേ നടന്നിരുന്നു. ആദ്യകാലത്ത് ചുവടുകൾ കുറവും കൈകൊട്ട് കൂടുതലുമായിരുന്നു. ആശാൻ തന്നെ രചിച്ച് പാടും. നാടൻ ചുവടും അവതരിപ്പിച്ചു. ഇന്ന് അറുപതോളം പേരടങ്ങുന്ന സംഘത്തിന്റെ ഓരോ കളിക്കും പതിനായിരങ്ങൾ ചെലവ് വരും. പരിഷ്‌ക്കരിച്ച ചെമ്പട താളത്തിൽ മൂന്നു വരികളായി കൂടുതൽ ചുവടുകളായി. ഇതോടൊപ്പം ഡ്രസ് കോഡും. മൂന്നുമാസത്തെ തുടർച്ചയായ പരിശീലനം. രചനയ്ക്കും ഈണം നൽകാനും പ്രത്യേകം ആളുകൾ.

മൂന്നാം വട്ട ദൗത്യത്തിൽ തികഞ്ഞ പ്രതീക്ഷയുണ്ട്. ഓണം കളി ജനകീയമാകണം


നിനില പുഷ്പൻ.
ക്യാപ്ടൻ