pridhishdam-

കേച്ചേരി : തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലിൽ ജീവൻ പൊലിഞ്ഞ മുഹമ്മദ് അഫ്താബിന്റെ അപകടത്തിന് കാരണമായ ജോണീസ് ബസ് ഡ്രൈവറുടെ മേൽ കൊലക്കുറ്റം ചുമത്തുക, മത്സരയോട്ടം അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കേച്ചേരിയിൽ ജോണീസ് ബസ് തടഞ്ഞ് ജനകീയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സമരക്കാരെ പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.

സമരക്കാരും പൊലീസും തമ്മിൽ സംഘർഷമായതിനെ തുടർന്ന് സമരത്തിന് നേതൃത്വം നൽകിയ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി.ശ്രീകുമാർ, ആർ.എം.ബഷീർ, എം.എം.ഷംസുദ്ദീൻ, ധനേഷ് ചുള്ളിക്കാട്ടിൽ, എൻ.ഡി.സജിത്ത് കുമാർ, എം.എം.മുഹ്‌സിൻ, വി.യു.മുസ്തഫ, ഷെക്കീർ പെരുമണ്ണ, നസീർ കേച്ചേരി, വി.എം.ഷാജഹാൻ, യു.പി.ഫാറൂക്ക്, ഗിരീഷ് കുമാർ, നജീബ് ആയമുക്ക്, മനാഫ് കളപുരക്കൽ, പി.ഐ.ഷെഹീം, ഷബീർ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ പാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അമിതവേഗത്തിൽ സഞ്ചരിച്ച് നിരന്തരം അപകടം ഉണ്ടാക്കുന്നുണ്ട്. ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷകളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. മകന്റെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായി കാത്തിരുന്ന കുടുംബം കേൾക്കുന്നത് മകന്റെ മരണവാർത്തയാണ്. മുഹമ്മദ് അഫ്താബിന്റെ ഇരുപതാം ജന്മദിനമായിരുന്നു ശനിയാഴ്ച. ബി ടെക്ക് കമ്പ്യൂട്ടർ സയൻസിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന അഫ്താബ് രാവിലെ പതിവ് പോലെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനീയറിംഗ് കോളേജിലേക്ക് പോയി. കാൽപ്പന്തുകളിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അഫ്താബ് ക്ലാസ് കഴിഞ്ഞ് സഹപാഠികൾക്കൊപ്പം ഫുട്ബാൾ കളിച്ചതിന് ശേഷം കേക്ക് മുറിച്ച് പിന്നാൾ ആഘോഷിച്ചാണ് മടങ്ങിയത്. മുണ്ടൂർ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിടിച്ചാണ് മരിച്ചത്. ഒരേ ദിശയിൽകൂടി പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ തട്ടുകയായിരുന്നു. അപകടം സംഭവിച്ചയുടൻ അഫ്താബ് മരിച്ചു. കേച്ചേരി മണലി രായ്മരയ്ക്കാർ വീട്ടിൽ ഷെമീറിന്റെ മകനാണ്.