
ചാലക്കുടി: വർഷങ്ങളായുള്ള തകർച്ചയോടെ സഞ്ചാരയോഗ്യമല്ലാതായി കോടശ്ശേരി പഞ്ചായത്തിലെ ട്രാംവേ റോഡ്. ചട്ടിക്കുളത്ത് നിന്നും തുടങ്ങി, ചൗക്കവരെ നീളുന്ന ട്രാംവേ റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളും തകർന്നു. നായരങ്ങാടി, താഴൂർ എന്നിവിടങ്ങളിലാണ് തകർച്ച കൂടുതൽ. ഇവിടെ വാഹനഗതാഗതം വെല്ലുവിളിയായി മാറി.
ഇരുചക്രവാഹനങ്ങൾ പലപ്പോഴും റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നു. മഴക്കാലമായതിനാൽ കുഴികളിൽ നിറയെ ചളിയാണ്. പ്രശ്‌നം പരിഹരിക്കാൻ നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി നിസംഗത പുലർത്തുകയാണ്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡായതിനാൽ തങ്ങൾക്ക് പരിമിതിയുണ്ടെന്നാണ് അവരുടെ വാദം. സി.കെ.ശശി കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2012ൽ കേന്ദ്രഫണ്ട് രണ്ട് കോടി ഉപയോഗിച്ച് റോഡ് പൂർണമായും നവീകരിച്ചു.
പിന്നീട് മൂന്ന് വർഷത്തിന് ശേഷം മറ്റൊരു ഭരണസമിതി 60 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി നടത്തി. തുടർന്നുണ്ടായ പ്രളയത്തിലും അതിവർഷത്തിലും റോഡിന് ഗുരുതരമായ കേടുപാടുണ്ടായി. എന്നാൽ ഇതിന് അനുസരിച്ച് നവീകരണം നടന്നില്ല. പല സംഘടനകളും പ്രശ്‌നം ഉയർത്തിക്കാട്ടി സമരം സംഘടിപ്പിച്ചു. ഇതേത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന ചട്ടിക്കുളത്ത് 600 മീറ്റർ നീളത്തിൽ അറ്റകുറ്റപ്പണി നടന്നു.
പഞ്ചായത്തിന്റെ 25 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചായിരുന്നു പ്രവർത്തനം. എന്നാൽ റോഡിന്റെ മറ്റിടങ്ങളെല്ലാം ഇപ്പോഴും തകർന്നുകിടക്കുകയാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ ഭരണാധികാരികൾ കൈ മലർത്തുകയാണ്.