പാവറട്ടി: ഫിറ്റ്നെസ് ലഭിക്കാതിരുന്ന മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നെസ് ലഭിക്കാൻ നടപടിയാകുന്നു. ക്‌ളാസ് റൂമിലെ വിസ്തീർണ അളവിലെ ചെറിയ വ്യത്യാസത്തിന്റെ പേരിലാണ് ഫിറ്റ്നെസ് നിഷേധിച്ചത്.
കെ.പി.ബി.ആർ കൃത്യമായി പാലിക്കപ്പെടുന്നതിനാലും കെട്ടിടത്തിന്റെ സുരക്ഷ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിനാലും ഉത്തരവുകളിലെ അവ്യക്തതയുണ്ടെങ്കിൽ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഫിറ്റനെസ് അനുവദിക്കാവുന്നതാണെന്ന് സെക്രട്ടറിക്ക് തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി.രാജേഷ് നിർദ്ദേശം നൽകി.
അഞ്ച് കോടി ചെലവഴിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ 18 ക്ലാസ് റൂം, രണ്ട് ഓഫീസ് റൂം, രണ്ട് സ്റ്റാഫ് റൂം, രണ്ട് ടോയ്‌ലറ്റ്, കമ്പ്യൂട്ടർ ലാബ്, ആർട് റൂം തുടങ്ങി എല്ലാ സൗകര്യവുമുള്ളതാണ് പുതിയ കെട്ടിടം. ഭാവിയിൽ ഈ പ്രശ്‌നങ്ങളിൽ വ്യക്തത വരുത്താനായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് തീരുമാനമെടുക്കാനുള്ള നിർദ്ദേശം സർക്കാരിലേക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു. ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ ഫിറ്റ്നെസ് ലഭിക്കാത്ത ഇത്തരം സ്‌കൂൾ കെട്ടിടങ്ങൾക്ക് മേൽ ഉത്തരവ് ബാധകമാകും. തദ്ദേശ അദാലത്തിൽ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ധന്യ രവി, പഞ്ചായത്ത് എൻജിനീയർ ബാബു, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. 2022 മേയ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തതാണ് സ്കൂൾ കെട്ടിടം.