
പുതുക്കാട് : വീട്ടുനമ്പർ ലഭിക്കാതെ നീണ്ട നടപടിക്ക് വിരാമമായതോടെ,കാഞ്ഞൂപ്പാടം നാലാംവാർഡിൽ തൃക്കൂക്കാരൻ പോൾ ആന്റണിക്ക് തൃശൂർ തദ്ദേശ അദാലത്തിൽ ആശ്വാസം. മൂന്ന് വർഷമായി നിർമ്മാണം കഴിഞ്ഞ് താമസിക്കുന്ന വീടിന് വീട്ടു നമ്പർ ലഭിക്കാനുള്ള അപേക്ഷ 2024 ലെ റെഗുലൈസേഷൻ ചട്ടപ്രകാരം നൽകാനും ഇതിൽ 30 ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കാനും മന്ത്രി എം.ബി.രാജേഷ് നിർദ്ദേശം നൽകി.
1474 ചതുരശ്ര അടി വലിപ്പമുള്ള വീടാണ് പോൾ മൂന്ന് വർഷം മുൻപ് നിർമ്മിച്ചത്. എന്നാൽ വീടിന് നമ്പർ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടും പഞ്ചായത്ത് നൽകിയില്ല. പോളിന്റെ പരാതി കേട്ട ശേഷമാണ് 2024 റെഗുലറൈസേഷൻ ചട്ട പ്രകാരം പുതിയ അപേക്ഷ നൽകിയാൽ വീട് നമ്പർ ക്രമവത്കരിക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചത്. അപേക്ഷ 30 ദിവസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കാൻ പുതുക്കാട് പഞ്ചായത്തിന് മന്ത്രി പ്രത്യേകം നിർദേശം നൽകി. മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി കണക്കാക്കിയാണ് മന്ത്രിയുടെ നിർദേശം. പെട്ടെന്ന് പരാതി തീർപ്പ് കൽപ്പിച്ചതിന് മന്ത്രിക്ക് നന്ദി അറിയിച്ചാണ് 77 വയസുള്ള പോൾ ആന്റണി മടങ്ങിയത്.