തൃശൂർ: ജില്ലയിൽ മഴ ശക്തം, ആശങ്കയിലായി ഓണവിപണി. വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വഴിയോര കച്ചവടക്കാരെയാണ് മഴ കൂടുതൽ ബാധിക്കുക. പൂക്കച്ചവടത്തെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനിയിലും മറ്റും ഓണക്കച്ചവടം ആരംഭിച്ചവരും മഴ മൂലം വെട്ടിലായി. ഈ ദിവസങ്ങളിലെല്ലാം നഗരത്തിൽ വൻതിരക്കായിരുന്നു. എന്നാൽ മഴയെത്തുടർന്ന് തിരക്ക് കുറഞ്ഞിട്ടുണ്ട്.
ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതിനെത്തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. അതേസമയം, ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം നടപടികൾ പാലിക്കാതെ ഷട്ടറുകൾ തുറന്നതിനാൽ ആയിരക്കണക്കിന് പേരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു.