തൃശൂർ: സ്‌പെഷ്യൽ സ്‌കൂൾ മേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂൾ ജീവനക്കാരും മാനേജ്‌മെന്റും 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചന ഉപവാസ സമരം നടത്തും. സ്‌പെഷ്യൽ സ്‌കൂളുകളുടെ പാക്കേജിലെ അപാകത പരിഹരിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് നടപ്പായിട്ടില്ല. ഇതുമൂലം പല സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലാണ്. 2023- 24 വർഷത്തെ പാക്കേജ് തുക ഇതുവരെയും സർക്കാർ വിതരണം ചെയ്തിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ആശ്വാസ കിരണം, നിരാമയ പദ്ധതികൾ താളം തെറ്റിയിട്ട് മാസങ്ങളായി. സർക്കാർ ഇനിയും അനാസ്ഥ തുടർന്നാൽ സമരം കടുപ്പിക്കുമെന്നും മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സിസ്റ്റർ ലത്തീഷ്യ, ടോണി ചിറ്റിലപ്പിള്ളി, പി.എൽ. ജോർജ്, സിസ്റ്റർ എഡീറ്റ, ജലജ പിള്ള എന്നിവർ പങ്കെടുത്തു.