കയ്പമംഗലം : പണ്ട് കടത്തുവഞ്ചികൾ സർവീസ് നടത്തിയിരുന്ന കാക്കാത്തുരുത്തിയിൽ നിന്ന് ഇനി ബോട്ടുകൾ സർവീസ് നടത്തും. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളുടെ അതിർത്തിയായ കാക്കാത്തുരുത്തി പാലത്തിന് താഴെ ബോട്ടുജെട്ടി യാഥാർത്ഥ്യമാകുകയാണ്. 15 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ബോട്ടുജെട്ടിയാണ് നിർമ്മിക്കുന്നത്. ജെട്ടിയോടുചേർന്ന് 40 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയും പണിയും. 90 ലക്ഷം രൂപയാണ് പദ്ധതി തുക. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണച്ചുമതല. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒരു മാസമായി. ജെട്ടിയുടെ തൂണുകളുടെ പൈലിംഗ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആലപ്പുഴ മുതൽ ചേറ്റുവ വരെ ബോട്ട് സർവീസ് നടത്താനാണ് തീരുമാനം.
പണ്ട് കാക്കാത്തുരുത്തിയിലൂടെയാണ് കടത്ത് വഞ്ചികൾ സർവീസ് നടത്തിയിരുന്നത്. കയ്പമംഗലത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകാൻ ഈ കടത്താണ് ജനങ്ങൾ ഉപയോഗിച്ചിരുന്നത്. കോട്ടപ്പുറം, കണ്ടശ്ശാംകടവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചരക്കുകൾ കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും കാക്കാത്തുരുത്തി കടവ് വഴിയാണ്. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
ലക്ഷ്യം ജലപാത വികസനം
കനോലിക്കനാലിലൂടെയുള്ള ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായാണ് കാക്കാത്തുരുത്തിയിൽ ബോട്ടുജെട്ടി നിർമ്മിക്കുന്നത്. ജലപാതയുടെ ഭാഗമായി ജില്ലയിൽ തൃപ്രയാർ, ഏനാമാവ്, കയ്മംഗലം, മതിലകം എന്നിവിടങ്ങളിലായി നാല് ബോട്ടുജെട്ടികളാണ് തൃപ്രയാർ മുതൽ മതിലകം വരെ നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് കയ്പമംഗലത്ത് നിർമ്മാണം പുരോഗമിക്കുന്നത്.