കൊടുങ്ങല്ലൂർ : സമ്പൂഷ്ടീകരിച്ചതെന്ന രീതിയിൽ ചേർക്കുന്ന പദാർത്ഥം മൂലം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയോട് മുഖം തിരിച്ച് കാർഡുടമകൾ. അരിയിലെ നെല്ലും പതിരും കളയുന്നതുപോലെ മിക്കവരും അത്തരം പദാർത്ഥങ്ങൾ എടുത്തുകളയുകയാണ്. ചിലരാകട്ടെ അരി കഴുകുമ്പോൾ പൊന്തിവരുന്ന ഫോർട്ട്‌ഫൈഡ് പദാർത്ഥം അരിക്കാടിയോടൊപ്പം പുറത്തേക്കൊഴുക്കുന്നു. നവമാദ്ധ്യമങ്ങളിൽ ഫോർട്ട്‌ഫൈഡ് അരിക്കെതിരെ അടുത്ത കാലത്തായി നടക്കുന്ന ശക്തമായ പ്രചാരണവും ജനങ്ങളിൽ ഭീതി കൂട്ടുന്നു. കൃത്യമമായി നിർമ്മിക്കുന്ന അരിമണി പ്ലാസ്റ്റികാണെന്നും അത് മാരക രോഗങ്ങൾക്ക് ഇടയാക്കുമെന്നാണ് പ്രചാരണം.
അതേസമയം റേഷൻ സാധനങ്ങളുടെ പോഷക സുരക്ഷ ലക്ഷ്യമാക്കിയാണ് ഫോർട്ട്‌ഫൈഡ് അരി നൽകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. നൂറുകിലോ അരിയിൽ രണ്ട് കിലോയാണ് ഫോർട്ട്‌ഫൈഡ് ചേർക്കുന്നത്. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പ് ഒഴികെ എല്ലാത്തരം അരിയിലും ഫോർട്ട്‌ഫൈഡ് ചേർക്കുന്നു.
ലക്ഷ്യം പോഷക സുരക്ഷ
വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമായ നിലയിലാണ് പോഷകാംശങ്ങൾ ചേർത്ത അരി റേഷൻ കടകളിലൂടെ നൽകുന്നത്. രക്തക്കുറവ് തടയാൻ സഹായിക്കുന്ന ഇരുമ്പ്, ഭ്രൂണവളർച്ചയ്ക്കും രക്തം നിർമ്മിക്കപ്പെടുന്നതിനും ഫോർട്ട്‌ഫൈഡ് സഹായകമാകുമെന്നും പറയുന്നു.