rail

വടക്കാഞ്ചേരി: മുള്ളൂർക്കര റെയിൽവേ സ്‌റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗി രണ്ടുതവണ വേർപെട്ടു. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിൽ ചരക്കുണ്ടായിരുന്നില്ല.

കപ്‌ളിംഗ് വിട്ടതിനെ തുടർന്ന് 26, 27 നമ്പർ ബോഗികളാണ് വേർപെട്ടത്. ഉടൻ ട്രെയിൻ നിറുത്തി. തകരാർ പരിഹരിച്ച് മുന്നോട്ടെടുത്തെങ്കിലും വീണ്ടും വേർപെട്ടു. ഇതോടെ വരവൂർ മുള്ളൂർക്കര റൂട്ടിലെ റെയിൽവേ ഗേറ്റ് തുറക്കാനായില്ല. വാഹനയാത്രക്കാർ വലഞ്ഞു. ചെന്നൈ ആലപ്പി എക്സ്‌‌പ്രസ് ഒരു മണിക്കൂറോളം വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. 6.50 ഓടെ തകരാർ പരിഹരിച്ച് ഗുഡ്‌സ് ട്രെയിൻ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി.