1

തൃശൂർ : രജിസ്‌ട്രേഷനും അംഗീകാരവുമില്ലാതെ ഐ.എൻ.ടി.യു.സിയുടെ വ്യാജസംഘടനയുണ്ടാക്കി നേതാവ് 16 ലക്ഷം തട്ടിയെന്ന ആരോപണത്തിൽ ഖാദി തൊഴിലാളികൾക്കിടയിൽ ഭിന്നത. ഒരു വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിരിച്ചെടുത്ത പണം തൊഴിലാളികൾക്ക് തിരിച്ചുനൽകാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) എന്ന സംഘടനയുണ്ടാക്കി പ്രസിഡന്റ് പദവിയിലിരിക്കുന്ന ജോസഫ് പെരുമ്പള്ളി ഖാദി തൊഴിലാളികളിൽ നിന്ന് 1000 രൂപ വീതം പിരിച്ച് 16 ലക്ഷം തട്ടിയെന്നാണ് പരാതി. തട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിയല്ലെന്ന വാദവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി. 16 ലക്ഷം പിരിച്ചിട്ടില്ലെന്നും ഒരു വർഷം മുൻപ് എല്ലാ തൊഴിലാളികളും ചേർന്നെടുത്ത തീരുമാനമാണെന്നുമാണ് ജോസഫ് പെരുമ്പള്ളിയുടെ വിശദീകരണം.

വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ ഖാദി വർക്കേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തുകയും ഡി.സി.സി സെക്രട്ടറി കെ.അജിത് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അദ്ധ്യക്ഷത വഹിച്ചത് ജോസഫ് പെരുമ്പിള്ളിയുമായിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കളുമെത്തി. ഈ വർഷം സംഘടനയുടെ അൻപതാം വാർഷികാഘോഷത്തിനെന്ന പേരിലാണ് ആയിരം രൂപ വീതം പിരിച്ചത്. പരാതി അന്വേഷിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന - ജില്ലാ കമ്മിറ്റികൾ സംഘടന ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. മിനിറ്റ്‌സ് ബുക്ക് അപൂർണമാണെന്നും സംഘടന എന്ന പേരിൽ റിട്ടേൺ സമർപ്പിക്കാറില്ലെന്നും കണ്ടെത്തി. 2012ൽ സംഘടനയുടെ 35 ാം വാർഷികമെന്ന് പറഞ്ഞ് വ്യാപക പിരിവ് നടത്തിയിരുന്നു. അതുകഴിഞ്ഞ് 13 വർഷം പിന്നിടുമ്പോൾ അമ്പതാം വാർഷികവും ആഘോഷിക്കുകയാണ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് വർക്കേഴ്‌സ് കോൺഗ്രസ്, ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ, ഖാദി ആൻഡ് വില്ലേജ് വർക്കേഴ്‌സ് കോൺഗ്രസ് തുടങ്ങിയ പേരും ഉപയോഗിച്ചിരുന്നു.

പതിറ്റാണ്ടായി ഖാദി വർക്കേഴ്‌സ് കോൺഗ്രസിനെ നല്ല രീതിയിൽ നയിക്കുന്നയാളാണ് ജോസഫ് പെരുമ്പിള്ളി. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണം അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനാണ്.

എം.പി.വത്സല
ഖാദി വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറി