തൃശൂർ: ബൈക്കിന് തകരാർ ആരോപിച്ച് നൽകിയ ഹർജിയിൽ വാഹനത്തിന്റെ വില 84803 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാൻ ഉപഭോക്തൃകോടതി വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലും മണ്ണുത്തിയിലുമുള്ള ബൈക്ക് ഡീലേഴ്‌സിനെതിരെയും പൂനെയിലെ കമ്പനിക്കെതിരെയും വിധിയായത്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബൈക്ക് വാങ്ങിത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകളുണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും പരിഹരിച്ചില്ല. കോടതി നിയോഗിച്ച വിദഗ്ദ്ധ കമ്മിഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തെളിവുകൾ പരിഗണിച്ച തൃശൂർ ഉപഭോക്തൃകോടതി പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവർ ചേർന്നാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരനായി അഡ്വ. എ.ഡി. ബെന്നി ഹാജരായി.