1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററെയും കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്ക് ഉയർത്താൻ പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തപ്പോൾ തൃശൂർ ജില്ലയ്ക്ക് അഭിമാനം. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയതിന്റെ പിന്നാലെയാണ് വിദ്യാധരൻ മാസ്റ്ററെ വീണ്ടും സംസ്ഥാന അംഗീകാരം തേടിയെത്തുന്നത്.

'കൽപ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായി...' എന്നു തുടങ്ങുന്ന ജനപ്രിയ ഗാനത്തിലൂടെ മലയാള മനം കവർന്ന സംഗീതസംവിധായകനാണ് വിദ്യാധരൻ മാസ്റ്റർ. ആറാട്ടുപുഴ മംഗളാലയത്തിൽ ശങ്കരന്റെയും തങ്കമ്മയുടെയും മകനായി ജനിച്ചു. ചെറുപ്പത്തിലേ സംഗീതപഠനം തുടങ്ങി. സംഗീതസംവിധായകനാകുന്നത് ബലിയാടുകൾ എന്ന നാടകത്തിൽ മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്. 1984ൽ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധായകനായി.

കൂടിയാട്ടം പണ്ഡിതനും അദ്ധ്യാപകനും അവതാരകനുമാണ് ജി. വേണു (വേണുജി). കൂടിയാട്ടം എന്ന കലയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വേണുജി, ഇരിങ്ങാലക്കുട നടനകൈരളി എന്ന ലോകോത്തര സ്ഥാപനത്തിന്റെ സ്ഥാപകനാണ്. നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയിലൂടെ നൂറിലേറെ ശില്പശാലകൾ നയിച്ച്, ആയിരത്തഞ്ഞൂറോളം നർത്തകർക്കും നടീനടന്മാർക്കും അഭിനയപരിശീലനം നൽകി. നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ (ഡൽഹി), ഇന്റർ കൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റിയൂട്ട് (സിംഗപ്പൂർ) എന്നിവിടങ്ങളിൽ ഒന്നര പതിറ്റാണ്ടോളം വിസിറ്റിംഗ് ഫാക്കൽറ്റി ആയിരുന്നു.