വടക്കാഞ്ചേരി : വടക്കാഞ്ചേരി ബൈപാസ് അതിവേഗം യാഥാർത്ഥ്യമാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അകമല റെയിൽവേ മേൽപ്പാലത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി മണ്ണുപരിശോധന നടന്നു. റോഡ്, പുഴപ്പാലം ഉൾപ്പെടെയുള്ള ഭാഗത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്ന പ്രവൃത്തി സമാന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

പൊതുമരാമത്ത് ഹൈവേ ഡിസൈൻ വിഭാഗം, റീജ്യണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറി (ആർ.ഐ.ക്യൂ.സി.എൽ) ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സ്വപ്ന ശശി, സി.വി.മുഹമ്മദ് ബഷീർ, എ.ഡി.അജി, എൻ.കെ.പ്രമോദ്കുമാർ, വി.സി.ജോസഫ് എന്നിവർ സ്ഥലത്തെത്തി.

റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടി

വടക്കാഞ്ചേരി : ഓട്ടുപാറ എങ്കക്കാട് റോഡിന് കുറുകെയുള്ള എങ്കക്കാട്, മാരാത്തുകുന്ന് മങ്കരറോഡിന് കുറുകയുള്ള മാരാട്ടുകുന്ന് റെയിൽവെ ഗേറ്റുകൾക്ക് ബദലായി റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഒഫ് കേരളയെ (ആർ.ബി.ഡി.സി.കെ) ഇൻവെസ്റ്റിഗേഷൻ നടത്തി ഡി.പി.ആർ തയ്യാറാക്കാനായി സർക്കാർ ചുമതലപ്പെടുത്തി. പ്രാരംഭ നടപടിയായ ഇൻവെസ്റ്റിഗേഷൻ ടെൻഡർ ഘട്ടത്തിലാണെന്നും എം.എൽ.എ അറിയിച്ചു.