1

തൃശൂർ: ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ജില്ലാ ജനറൽ ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ. ജില്ലാ ആശുപത്രിയായിരുന്നത് ജനറൽ ആശുപത്രിയാക്കിയെങ്കിലും പ്രവർത്തനങ്ങളും ഡോക്ടർമാരും എല്ലാം പഴയപടി..! കോർപറേഷൻ നിയന്ത്രണത്തിലുള്ള ജനറൽ ആശുപത്രിയിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേത് പോലെ നിത്യേന 2500ലേറെ രോഗികൾ ഒ.പികളിൽ എത്തുന്നുണ്ട്.

തിങ്കളാഴ്ചകളിലും മറ്റും നാലായിരം വരെ രോഗികൾ എത്താറുണ്ട്. രോഗികളുടെ ബാഹുല്യപ്രകാരമുള്ള ജീവനക്കാർ ഇവിടെയില്ലാത്തതാണ് പ്രധാന പ്രശ്നം. ഒ.പിയിലുള്ള രോഗികളെ പരിശോധിക്കുന്നതിനൊപ്പം കിടത്തിച്ചികിത്സയിലുള്ളവരുടെ പരിചരണം കൂടി ഡോക്ടർമാർക്കുണ്ട്. എതാനും ദിവസം മുൻപ് അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ജനറേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് ഒരു മണിക്കൂറോളം ആശുപത്രി ഇരുട്ടിലായിരുന്നു. മൊബൈൽ കത്തിച്ചുപിടിച്ചാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ആസമയം ഇരുന്നത്.


യന്ത്രം പണിമുടക്കിൽ; ഡയാലിസിസ് കിട്ടാതെ രോഗികൾ

ജനറൽ ആശുപത്രിയിൽ പന്ത്രണ്ടോളം ഡയലിസിസ് യന്ത്രങ്ങളിൽ ഭൂരിഭാഗവും പത്ത് വർഷം മുൻപ് വാങ്ങിയതാണ്. ഇതിൽ ആറ് യന്ത്രങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമം. രണ്ട് ഷിഫ്ടുകളായി ദിവസവും 12 പേർക്ക് ഡയാലിസിസ് നടത്തിയിരുന്നു. യന്ത്രങ്ങൾക്ക് ആറുവർഷത്തെ ഗ്യാരന്റി മാത്രമേയുള്ളൂ. കാലാവധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണി നടത്തുന്നത് പ്രതിസന്ധിയായി. തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കാമെങ്കിലും കരാർ നൽകിയ കമ്പനിക്കും കുടിശ്ശിക വന്നതാണ് പ്രതിസന്ധി.


സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു

യന്ത്രകത്തകരാർ മൂലം തുടർച്ചയായി ഡയാലിസിസ് മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ജനൽ ആശുപത്രിയിൽ രോഗികൾ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ രണ്ടുമാസമായി ഡയാലിസിസ് യന്ത്രം തകരാറിലായിട്ട്. ഇതുമൂലം രോഗികൾക്ക് കൃത്യമായി ഡയാലിസിസ് ലഭിക്കുന്നില്ല. തുടർന്നായിരുന്നു മാള സ്വദേശി അഖിലിന്റെ നേതൃത്വത്തിൽ രോഗികൾ സംഘടിച്ച് ഉപരോധ സമരം നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾ പലപ്പോഴും ഡയാലിസിസ് കിട്ടാതെ മടങ്ങിപ്പോകുകയാണ്.

നാലു മെഷീനുകൾ ഉടൻ എത്തും

ഡയാലിസിസ് പ്രശ്‌നം പരിഹരിക്കുന്നതിന് നാലു പുതിയ യന്ത്രങ്ങൾ ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. എച്ച്.എം.സി ചേർന്നാണ് പുതിയ യന്ത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.

ജനറൽ ആശുപത്രിയിൽ ഡയാലിസിസ് പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് മെഷീനുകൾ ഇന്നോ നാളെയോ എത്തും.
- ടി.പി. ശ്രീദേവി, ജില്ലാ മെഡിക്കൽ ഓഫീസർ