തൃശൂർ: വിനോദസഞ്ചാര ദിനമായ 27ന് പുതുക്കാട് മണ്ഡലത്തിലെ ടൂറിസം സർക്യൂട്ട് ഉദ്ഘാടനം ആമ്പല്ലൂരിൽ നിർവഹിക്കാൻ ളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡി.ടി.പി.സി എക്‌സിക്യൂട്ടിവ് സമിതി യോഗത്തിൽ തീരുമാനം. ചിമ്മിനി ഡാമിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനവും അന്ന് ആരംഭിക്കും. നേരത്തെ 13ന് പ്രവേശനം നൽകാൻ നിശ്ചയിച്ചെങ്കിലും 27ലേക്ക് മാറ്റുകയായിരുന്നു.
നാട്ടിക ബീച്ചിൽ വിവാഹ ഡെസ്റ്റിനേഷൻ പദ്ധതി പ്രോത്സാഹിപ്പിക്കും. പൂമല ഇക്കോ ടൂറിസം, വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ, സ്‌നേഹതീരം ബീച്ച് പാർക്ക്, കിളിപ്പാടം ഇക്കോ ടൂറിസം, ഗുരുവായൂർ ടൂറിസം സർക്യൂട്ട് പദ്ധതികൾ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ സംബന്ധിച്ച അവലോകന യോഗം ബന്ധപ്പെട്ട എം.എൽ.എമാരെ പങ്കെടുപ്പിച്ച് ചേരുന്നതിനും തീരുമാനിച്ചു.
എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡി.ടി.പി.സി എക്‌സിക്യൂട്ടിവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കനോലി കനാലിൽ കയാക്കിംഗ്
ഏനാമാവ്, ചേറ്റുവ ഡെസ്റ്റിനേഷനുകളുടെ സമീപത്തുള്ള കനോലി കനാലിൽ കയാക്കിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്‌പോർട്‌സ് ആക്ടിവിറ്റികൾ സജ്ജമാക്കും. ഇതിനായി ഡി.ടി.പി.സിക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിൽ ഏജസികളിൽ നിന്നും ടെൻഡർ ക്ഷണിച്ച് പദ്ധതി നടപ്പാക്കും. വടക്കാഞ്ചേരി ഹിൽ സർക്യൂട്ടിന്റെ ട്രയൽ റൺ 26നും ഉദ്ഘാടനം ഒക്ടോബറിലും നടക്കും. പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാർഡൻ, വട്ടായി വെള്ളച്ചാട്ടം, വാഴാനി, പേരപ്പാറ ഡാം, വിലങ്ങൻകുന്ന്, കോൾനിലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സർക്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
മാള ഗസ്റ്റ് ഹൗസ്, ചേറ്റുവ, വടക്കാഞ്ചേരി വഴിയോര വിശ്രമ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തന യോഗ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെയും ഡി.എം.സിയുടെയും നിയന്ത്രണത്തിലുള്ള ഇടങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം സജ്ജമാക്കാനും സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനിച്ചു.